തിരുവനന്തപുരം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടിയ സംഭവത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ സ്വപ്നയ്ക്ക് പുറമെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച പഞ്ചാബ് അമൃതസർ സ്വദേശി സച്ചിൻദാസയും പ്രതിയാണ്.
ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ ജോലി നേടാൻ സ്വപ്ന മുംബൈ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയിൽനിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കി. ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖേന 2017ലാണ് സ്വപ്നയ്ക്ക് സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഒരു ലക്ഷത്തോളം രൂപയാണ് ഇതിനായി നൽകിയത്. സ്വർണക്കടത്തുകേസ് പുറത്ത് വന്നതിനു പിന്നാലെ സംശയം തോന്നിയ സർക്കാർ ബിരുദം വ്യാജമാണോ എന്നന്വേഷിക്കാൻ കെഎസ്ഐടിഎല്ലിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് നൽകിയ ഉപകരാർ ഉപയോഗിച്ച് വിഷൻ ടെക്നോജീസിന്റെ ജീവനക്കാരിയായിട്ടാണ് സ്വപ്ന കെഎസ്ഐടിഎല്ലിലെത്തിയത്.
2022 ജൂലൈ 20ന് അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർ ഇത്തരം ഒരു ഡിഗ്രി തങ്ങൾ നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചിരുന്നു. തങ്ങൾ കൊമേഴ്സ് കോഴ്സ് നടത്തുന്നില്ലെന്നും സർട്ടിഫിക്കറ്റിലെ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പരും തങ്ങളുടെ രീതിയിലുള്ളതല്ലെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് നടത്തിയ പരിശോധനയിൽ സച്ചിൻദാസിന്റെ വീട്ടിൽനിന്ന് മറ്റ് പല സർവകലാശാലകളുടെയും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. അന്ന് ഇയാളെ കണ്ടെത്താനായില്ല. വ്യാജവിലാസത്തിൽ സ്വന്തമാക്കിയ ഫോൺ നമ്പരുകളാണ് ഉപയോഗിച്ചിരുന്നത്. ഇയാളുമായി അടുപ്പമുള്ളവരെ നിരീക്ഷിച്ചും ഫോൺ നമ്പരുകൾ പരിശോധിച്ചുമാണ് ആഗസ്തിൽ ഇയാളെ പിടികൂടിയത്. ഇടനിലക്കാരനായ രാജേന്ദ്രൻ തന്റെ അക്കൗണ്ടിൽ നിന്ന് 32,000 രൂപ പ്രതിയുടെ അമൃത്സറിലെ ബാങ്ക്അക്കൗണ്ടിലേക്ക് അയച്ചതിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. സർട്ടിഫിക്കറ്റിന്റെ അസ്സൽ പകർപ്പ് നശിപ്പിച്ചുകളഞ്ഞുവെന്ന കുറ്റവും സ്വപ്നയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.