തിരുവനന്തപുരം > സുഹൃത്തായ യുവാവിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷമയുടെ അമ്മയേയും അമ്മാവനേയും പ്രതിചേർത്തു. അറസ്റ്റിൽ. തെളിവുനശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെയും കേസിൽ പ്രതിചേർത്തത്. ഇരുവരും കസ്റ്റഡിയിലാണ്.
ഷാരോണിന്റെ കൈവശം തന്റെ നിരവധി സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും പ്രണയബന്ധത്തിൽ നിന്ന് പിന്നോട്ടുപോയാൽ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമായി ഗ്രീഷ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തമിഴ്നാട് സ്വദേശിയുമായുള്ള വിവാഹജീവിതത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭയന്നിരുന്നതായും ഇതിന് പരിഹാരം ഷാരോണിന്റെ മരണമാണെന്ന് കരുതിയെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയുടെ മൊഴി വഞ്ചിയൂർ ജെഎഫ്സിഎം (രണ്ട്) കോടി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ചോദ്യംചെയ്യലിൽ നിന്നും തെളിവെടുപ്പിൽ നിന്നും രക്ഷപെടാനുള്ള ഗ്രീഷ്മയുടെ തന്ത്രമായിരുന്നു ആത്മഹത്യാ ശ്രമമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വനിതാ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സുമ,ഗായത്രി എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.