തിരുവനന്തപുരം
ഗവർണറുടെ ഇടപെടലിനെത്തുടർന്ന് വൈസ് ചാൻസലറെ മാറ്റേണ്ട സാഹചര്യമുണ്ടായാലും കാലാവധി കഴിയുന്നതുവരെ പ്രൊ വൈസ്ചാൻസലർമാർക്ക് (പിവിസി) തുടരാം. പിവിസിയുടെ കാലാവധി മൂന്നുവർഷമോ വിസിയുടെ കാലാവധി കഴിയുന്നതുവരെയോ ആണ്. നിലവിൽ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിലാണ് ഗവർണർ വിസിമാരെ പിൻവലിക്കാൻ ഒരുങ്ങുന്നത്. വിസി നിയമനത്തിനുള്ളതുപോലെ സെർച്ച് കമ്മിറ്റി, പാനൽ എന്നിവ പിവിസി നിയമനത്തിന് ബാധകവുമല്ല. പ്രൊഫസർ ആകാൻ യോഗ്യതയുള്ളവരായിരിക്കണമെന്ന നിർദേശം മാത്രമാണ് ഈ നിയമനത്തിലുള്ളത്. അതിനാൽ യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന മൂന്ന്/നാല് വർഷം കാലാവധിയെന്നത് പൂർത്തിയാക്കാൻ പിവിസിമാർക്ക് കഴിഞ്ഞേക്കും. പിവിസിയെ വിസിക്ക് നിർദേശിക്കാം. സിൻഡിക്കറ്റിന്റെയും സർക്കാരിന്റെയും തീരുമാനത്തിലാണ് നിയമനം.
കേരള സർവകലാശാലയിൽ മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞതിനാലാണ് വിസിയും പ്രൊ വിസിയും സ്ഥാനമൊഴിഞ്ഞത്. എന്നാൽ, കേരള സാങ്കേതിക സർവകലാശാല വിസിയുടെ കാലാവധി 2023 ഫെബ്രുവരി 29 വരെയായിരുന്നു. അതിനാൽ കെടിയുവിലെ പിവിസിക്ക് തുടരാം. വിസിയുടെ അഭാവത്തിൽ സർവകലാശാല ചുമതല ഇവർക്കാണെങ്കിലും ഭരണനടത്തിപ്പ് പൂർണമായി ഏറ്റെടുക്കാൻ കഴിയില്ല.















