കൊച്ചി
എളംകുളത്ത് വാടകവീട്ടിൽ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തേടി അന്വേഷകസംഘം നേപ്പാളിലേക്ക് തിരിച്ചു. സൗത്ത് എസ്ഐ ജെ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. കൊലപാതകശേഷം 20ന് കൊച്ചിയിൽനിന്ന് കടന്ന പ്രതി റാം ബഹദൂർ ബിസ്തി നേപ്പാളിലുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ സുരക്ഷാസേനയ്ക്കും വിവരം കൈമാറി.
കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ഒപ്പം കൊച്ചിയിലെ വാടകമുറിയിലാണ് റാം ബഹദൂർ ബിസ്തി താമസിച്ചിരുന്നത്. ഇരുവരും പരിചയക്കാരും ഒരേനാട്ടുകാരുമാണ്. മഹാരാഷ്ട്രക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ കൊച്ചിയിൽ താമസിച്ചിരുന്നത്. ഭഗീരഥിയുടെ കൊലപാതകത്തിന് കാരണമെന്തെന്ന് ബന്ധുക്കൾക്കും സൂചനയില്ല.
ഭഗീരഥിയുടെ ബന്ധുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന, ഭഗീരഥിയുടെ സഹോദരങ്ങള് വ്യാഴാഴ്ച കൊച്ചിയിലെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മാതാപിതാക്കളുടെ അനുമതിയോടെ സഹോദരങ്ങള്ക്ക് കൈമാറും.















