തിരുവനന്തപുരം
സുപ്രീംകോടതി വിധിയെ തുടർന്ന് വൈസ്ചാൻസലറില്ലാതായ എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ പകരം ചുമതല നൽകാത്ത ഗവർണറുടെ നടപടി ഭരണ നിർവഹണത്തെ അനിശ്ചിതത്വത്തിലാക്കി. മൂന്ന് ദിവസത്തിനുള്ളിലും ഒരുമാസത്തിനുള്ളിലും സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം വിസിയില്ലാത്തതിനാൽ താൽക്കാലികമായി നിർത്തി. നിലവിൽ അക്കാദമിക മേഖലയെ വിസിയുടെ അഭാവം കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതി തുടർന്നാൽ ആഭ്യന്തര ഫയൽ നീക്കമടക്കമുള്ളവയെയും ഇത് ബാധിക്കും.
ഡോ. എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ 21 മുതൽ സാങ്കേതിക സർവകലാശാലയിൽ വിസി ഇല്ല. സർക്കാർ നിർദേശിച്ച ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥിന് പകരം ചുമതല നൽകാനാകില്ലെന്ന ഗവർണറുടെ നിലപാടാണ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത്. നിയമന ശുപാർശ ഗവർണറുടെ ഓഫീസ് പിടിച്ചുവച്ചിരിക്കുകയാണ്. സജി ഗോപിനാഥിന്റെ നിയമനവും ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചതാണ് കാരണം.
കെടിയു ആക്ട് പ്രകാരം എൻജിനിയറിങ് മേഖലയിലെ വിദഗ്ധനായ മറ്റെതെങ്കിലും വിസി, പിവിസി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവരിൽ ഒരാൾക്കാണ് ചുമതല നൽകേണ്ടത്. ഇതുപ്രകാരമാണ് ഡിജിറ്റൽ സർവകലാശാല വിസിയുടെ പേര് സർക്കാർ നിർദേശിച്ചതും. ഇത് മറികടന്ന്, എൻജിനിയറിങ് രംഗത്തെ മുതിർന്ന അധ്യാപകരുടെ പട്ടിക വെള്ളിയാഴ്ച രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിലൊരാൾക്ക് പകരം ചുമതല നൽകാനാണ് നീക്കം. താൽക്കാലിക വിസിയുടെ കാലാവധി ആറുമാസത്തിൽ അവസാനിക്കുമെന്നിരിക്കെ പുതിയ നിയമന നടപടികൾക്കും ഗവർണർ തയ്യാറായിട്ടില്ല.















