തിരുവനന്തപുരം
സംഘപരിവാർ ചരടുവലിക്കൊത്തുള്ള പാവകളിയിലാണ് ഗവർണർ ആരിഫ് മൊഹമ്മാദ് ഖാൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന വാറോല ആ കളിയിലെ ഏറ്റവും ഒടുവിലത്തെ ഐറ്റം. ചുമതലയേറ്റ കാലംമുതൽ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഗവർണറിലെ സംഘപരിവാർ രാഷ്ട്രീയക്കാരൻ.
ബനാറസ് ഹിന്ദു സർവകലാശാലയിൽ നേരിട്ടുകണ്ട അനുഭവങ്ങളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വിവരിച്ചത്. ഇത് ദേശീയതയെയും ദേശീയ ഉദ്ഗ്രഥനത്തെയും ബാധിക്കുമെന്നാണ് ഗവർണറുടെ കണ്ടുപിടിത്തം. കേരളത്തിൽ എത്തിയ നാൾമുതൽ, ഈ നാടിനെ ഇകഴ്ത്തിക്കെട്ടാനും ജനതയെ ആക്ഷേപിക്കാനുമായി ഗവർണർ നടത്തിയ പ്രസംഗങ്ങൾ ഏറെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കം കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തപ്പോൾ മൗനം പാലിച്ച് യജമാനഭക്തി കാണിച്ചു. ഇതര സംസ്ഥാനങ്ങളിൽ ബിജെപിക്ക് പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രഭക്തിമാത്രം മതിയെങ്കിൽ കേരളത്തിൽ പ്രവർത്തകർക്ക് ബലിദാനം ചെയ്യാനുള്ള ശക്തിയുംകൂടി വേണമെന്നാണ് അമിത് ഷാ പറഞ്ഞത്. സെപ്തംബറിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് പൊതുയോഗത്തിലായിരുന്നു കലാപാഹ്വാനം.
വോട്ടർമാർക്ക് അബദ്ധം പറ്റിയാൽ യുപി കേരളം പോലെയാകുമെന്ന് യോഗി ആദിത്യനാഥ് ആക്ഷേപിച്ചപ്പോഴും ഗവർണർ നിശ്ശബ്ദൻതന്നെ. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോഴും വിമർശിക്കാൻ ഗവർണർ മുന്നിലുണ്ടായി. കേന്ദ്ര കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിക്കാൻ ആദ്യം തയ്യാറായില്ല. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പൊതുഭരണവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാൻ നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ ദുർവാശി പിടിച്ചു. മുൻ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടും വിവാദം സൃഷ്ടിച്ചു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിനെ നിരന്തരം വിമർശിച്ച് കൈയടി നേടാനായി പിന്നീടുള്ള ശ്രമം. അടുത്തഘട്ടത്തിലാണ് വിസിമാർക്കും മന്ത്രിമാർക്കും നേരെ തിരിഞ്ഞത്. ഒരു വിഭാഗം മാധ്യമങ്ങളും ഗവർണറുടെ അനിഷ്ട പട്ടികയിലായി. ഇടയ്ക്കിടെ ഡൽഹിയിലേക്ക് സംസ്ഥാനത്തിന്റെ ചെലവിൽ പറന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾവഴി കേരളത്തെ പഴിക്കും. മടങ്ങിയെത്തി എന്തെങ്കിലും അധികാരമില്ലാത്ത നടപടിയെടുക്കും. വീണ്ടും പറക്കും. നമ്മുടെ ഗവർണർ ഇങ്ങനെയൊക്കെയാണ്. തനി സംഘപരിവാറുകാരൻ.