തിരുവനന്തപുരം
ഗവർണറും സർക്കാരും തമ്മിൽ നല്ല ബന്ധം ഉണ്ടാകണമെന്നാണ് ഭരണഘടന കാണുന്നതെന്നും അത്തരത്തിലുള്ള സമീപനമാണ് സർക്കാർ എപ്പോഴും സ്വീകരിക്കുന്നതെന്നും നിയമ മന്ത്രി പി രാജീവ് പറഞ്ഞു. അതിൽനിന്ന് വ്യത്യസ്തമായി പ്രതികരിക്കേണ്ടിവരുന്ന ഘട്ടത്തിൽ അത് ചെയ്യാറുമുണ്ട്.
ഭരണഘടനാപരമായ ചുമതലയാണ് ഗവർണർ വഹിക്കുന്നത്. ആ പദവിയോടുള്ള പൂർണ ആദരം നൽകുന്നുണ്ട്. ഏതെങ്കിലും തരത്തിൽ വ്യത്യസ്ത അഭിപ്രായം വന്നാൽ വ്യവസ്ഥാപിത രീതിയിൽ അവ പ്രകടിപ്പിക്കും. മുഖ്യമന്ത്രി ആയാലും മന്ത്രിമാർ ആയാലും അങ്ങനെതന്നെ. പൊതുസമൂഹത്തിനു മുന്നിൽവരുന്ന വിഷയങ്ങളിൽ ആദരം നിലനിർത്തിത്തന്നെയാണ് പ്രതികരിക്കുന്നത്. വിവാദങ്ങളല്ല സർക്കാർ ആഗ്രഹിക്കുന്നത്. നാടിന്റെ വികസനം നല്ലനിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് സർക്കാർ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാൻ ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് നിലവിലെ നിയമമനുസരിച്ച് ചാൻസലർ ഗവർണറാണെന്ന് മന്ത്രി മറുപടി നൽകി. നിയമസഭ പാസാക്കിയ നിയമം നൽകുന്നതാണ് ആ അധികാരം. യുജിസി റെഗുലേഷനിലും ഭരണഘടനയിലും അക്കാര്യം പറയുന്നില്ല. മറ്റു കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ ആ സമയത്ത് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.