കൊച്ചി
‘ജീവിതത്തിന്റെ അർഥം തേടുന്നതിനിടയിലാണ് മനുഷ്യർ ആശങ്കാകുലരാകുന്നത്. ആ അലച്ചിലിലും ജീവിതം മറ്റുള്ളവർക്ക് നന്മയേകാൻ ഉപയോഗിക്കുമ്പോഴാണ് സാർഥകവും സന്തോഷകരവുമാകുന്നത്. ഇത്രയുംകാലം സന്തോഷമായി നിങ്ങൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം’– -96–-ാംപിറന്നാൾ ദിനത്തിൽ കൊച്ചി പൗരാവലി നൽകിയ ആദരവിന് നന്ദിപറയുമ്പോൾ സാനുമാഷിന്റെ കണ്ഠമിടറി.
കോവിഡ് കാലത്തിനുശേഷമുള്ള പിറന്നാൾദിനം ശിഷ്യർക്കും നാട്ടുകാർക്കുമൊപ്പമുള്ള കൂടിച്ചേരലായിരുന്നു അദ്ദേഹത്തിന്. കേക്ക് മുറിക്കലും സദ്യയുമായി കൊച്ചി പൗരാവലി പ്രൊഫ. എം കെ സാനുവിനെ ആദരിച്ചു. അദ്ദേഹത്തോടുള്ള ആദരമായി ഓണത്തിന് എറണാകുളത്ത് സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന, മേയർ എം അനിൽകുമാറിന്റെ പ്രഖ്യാപനം സദസ്സ് കൈയടിയോടെ സ്വീകരിച്ചു. എഴുത്തുകാരൻ എൻ എസ് മാധവൻ സാഹിത്യോത്സവ നടത്തിപ്പ് ഏകോപിപ്പിക്കുമെന്നും മേയർ പറഞ്ഞു.
ടിഡിഎം ഹാളിൽ കൊച്ചി നഗരസഭ സംഘടിപ്പിച്ച സമ്മേളനത്തിൽ സാനുമാഷിന് മേയർ ഉപഹാരം നൽകി. സാനുമാഷിന്റെ പൂർണകായചിത്രം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സമ്മാനിച്ചു. കൊച്ചിയുടെ സാംസ്കാരിക മനഃസാക്ഷിയാണ് സാനുമാഷെന്ന് എൻ എസ് മാധവൻ പറഞ്ഞു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, പ്രൊഫ. കെ വി തോമസ്, കെ എൽ മോഹനവർമ, പ്രൊഫ. എം തോമസ് മാത്യു, പി എസ് ശ്രീകല, ഷീബ അമീർ, ഷീബ ലാൽ, പത്മജ എസ് മേനോൻ, ആന്റണി കുരീത്തറ, പി രാമചന്ദ്രൻ, വി എ ശ്രീജിത്, പി ആർ റെനീഷ് എന്നിവർ സംസാരിച്ചു.
രാവിലെ ചാവറ കൾച്ചറൽ സെന്ററിൽ ‘സാനുമാഷിനൊപ്പം പ്രാതൽ’ ചടങ്ങിൽ ഫാ. തോമസ് പുതുശേരി, പ്രൊഫ. എം തോമസ് മാത്യു, സിഐസിസി ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ശിഷ്യർ ആദരമേകി.