കൊച്ചി
മത, ജീവകാരുണ്യ സംഘടനകളുടെ മറവിൽ വ്യക്തികളും സംഘടനകളും നടത്തിയ അനധികൃത ഭൂമികൈയേറ്റങ്ങളെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കൈയേറ്റം നടത്തിയവർക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണം. അന്വേഷണത്തിനായി വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികളെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. സിറോ മലബാർ സഭയുടെ ഭൂമി ഇടപാടുസംബന്ധിച്ച് കേസെടുത്തതും സമൻസ് അയച്ചതും അപ്പീൽ തള്ളിയതും ചോദ്യം ചെയ്ത് മേജർ ആർച്ച് ബിഷപ് ജോർജ് ആലഞ്ചേരിയടക്കമുള്ളവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി സോമരാജന്റെ ഇടക്കാല ഉത്തരവ്.
ഭൂമി പതിച്ചുനൽകൽ നിയമം ദുരുപയോഗം ചെയ്ത് കൈവശപ്പെടുത്തിയവ തിരിച്ചുപിടിക്കാൻ സർവേ നടത്തണം. ഇതിനായി സംസ്ഥാന ഉന്നതാധികാരസമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. സമിതിയുടെ മേൽനോട്ടത്തിൽ സർവേ നടത്തണം. ജില്ല, താലൂക്കുതലങ്ങളിൽ കലക്ടർമാരുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ സമിതികളുണ്ടാക്കണം. സർവേ സംബന്ധിച്ച വ്യവസ്ഥകൾകൂടി ചേർത്ത് നിയമം കൊണ്ടുവരാം. സർവേ ആറുമാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
രാജ്യത്ത് 31,74,420 ലാഭേഛയില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2012ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിലേറെയും മതസംഘടനകളുടെ ഭാഗമായ ജീവകാരുണ്യ സംഘടനകളാണ്. ഈ സംഘടനകളെ നിയന്ത്രിക്കാൻ ഏകീകൃത നിയമമില്ല. ജീവകാരുണ്യ സംഘടനകളുടെയും മതസംഘടനകളുടെയും നിയന്ത്രണത്തിന് കേന്ദ്ര ഏകീകൃത നിയമം കൊണ്ടുവരാനുള്ള സാധ്യതകൾ കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. 2023 മെയ് 31ന് ഹർജി വീണ്ടും പരിഗണിക്കും.