സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണപ്രക്രിയകളിൽ അനാവശ്യമായ ഇടപെടലുകൾ നടത്താൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് ഒരധികാരവും ഇല്ല. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശനിർദേശങ്ങൾ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അവരോട് വിശ്വാസ്യത തെളിയിക്കാൻ ആവശ്യപ്പെടാമെന്നത് മാത്രമാണ് ഗവർണറുടെ പ്രധാനപ്പെട്ട അധികാരം. ആ അവസരത്തിൽ, ആരെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നും അദ്ദേഹത്തിന് തീരുമാനിക്കാം. അതിനപ്പുറം, മുഖ്യമന്ത്രിയുടെ ഉപദേശാനുസരണമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.
ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായ ഒരധികാരവുമില്ല. ഗവർണറുടേത് നിയമാനുസൃതമായ നടപടിയല്ല. അതിന് ഭരണഘടനാപരമായ പിന്തുണയും ലഭിക്കില്ല. സുപ്രീംകോടതിയുടെ പല ഭരണഘടനാബെഞ്ചുകളും ഗവർണറുടെ പദവിയെയും അധികാരങ്ങളെയും സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗവർണർമാരുടെ അനധികൃതമായ ഇടപെടലുകൾ ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമാണ്. അനാവശ്യമായ ഇത്തരം ഇടപെടലുകളെ തള്ളി സംസ്ഥാനസർക്കാർ മുന്നോട്ടുപോകണം.