കൊച്ചി
എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിനിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് നേപ്പാളിലെ ബെൽദാംദായി കഞ്ചൻപൂർ സ്വദേശിനി ഭഗീരഥിയാണെന്ന് (35) പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന റാംബഹാദൂർ ബിസ്തിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇയാൾ നേപ്പാളിലേക്ക് കടന്നതായി സൂചനയുണ്ട്.
മൂന്നുവർഷംമുമ്പ് ജോലിതേടി കൊച്ചിയിലെത്തി, ലക്ഷ്മി എന്ന വ്യാജപ്പേരിലാണ് റാംബഹാദൂർ ബിസ്തിക്കൊപ്പം ഭഗീരഥി താമസിച്ചിരുന്നത്. ഇവരെ കഴുത്തിൽ ഞെക്കി ശ്വാസംമുട്ടിച്ച് കൊന്നെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേപ്പാൾ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ഭഗീരഥിയുടെ ബന്ധു വ്യാഴാഴ്ച എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി.
റാംബഹാദൂറിനൊപ്പം താമസിച്ച മൂന്നാമത്തെ സ്ത്രീയാണ് ഭഗീരഥിയെന്ന് അന്വേഷകസംഘം വ്യക്തമാക്കി. ഇവർ ഭാര്യയല്ലെന്നാണ് സ്ഥിരീകരണം.
മറ്റ് സ്ത്രീകൾകൂടി ഇയാളുടെ വലയിലായതായി സംശയിക്കുന്നു. മുമ്പ് രണ്ട് സ്ത്രീകൾക്കൊപ്പം താമസിച്ചിരുന്നതായി വിവരമുണ്ട്. റാംബഹാദൂർ സ്ഥലംവിട്ടത് സാമ്പത്തികരേഖകളും മറ്റും കൈക്കലാക്കിയശേഷമാണ്. വാടകവീട് മുഴുവൻ പരിശോധിച്ചിട്ടും ഒരുരേഖയും കണ്ടെത്താനായില്ല. വാടകക്കരാറിനൊപ്പംനൽകിയ ആധാർ കാർഡിൽനിന്ന് തുടങ്ങിയ അന്വേഷണമാണ് യുവതിയുടെ പേരും മറ്റും കണ്ടെത്താൻ സഹായിച്ചത്. ഒളിവിൽപ്പോയ റാംബഹാദൂറിനായി അന്വേഷണം ഊർജിതമാക്കി. യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം എസിപി വി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.