കോവളം
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിന്റെ 100–-ാംദിനം അക്രമാസക്തരായി സമരസമിതി പ്രവർത്തകർ. പൊലീസുകാരെയും സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും സമരക്കാർ കൈയേറ്റം ചെയ്തു. മുല്ലൂരിൽ തുറമുഖത്തിന്റെ പ്രധാന കവാടത്തിന്റെ പൂട്ടുതകർത്ത പ്രതിഷേധക്കാർ പദ്ധതിപ്രദേശത്തേക്ക് തള്ളിക്കയറി. തുറമുഖനിർമാണം തടയരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പദ്ധതിപ്രദേശത്തേക്ക് സമരക്കാർ പ്രവേശിച്ചത്.
കടലിലൂടെ വള്ളങ്ങളിൽ എത്തിയ സമരക്കാർ തുറമുഖപ്രദേശത്ത് പ്രതിഷേധിച്ചു. കടലിൽ വള്ളം കത്തിച്ചായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കുകയും രണ്ട് ബാരിക്കേഡ് കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയെന്ന് ആരോപിച്ചാണ് സമരക്കാരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ഏറെ പണിപ്പെട്ടാണ് പൊലീസ് ഫോട്ടോഗ്രാഫറെ സംഘർഷത്തിനിടയിൽനിന്ന് പുറത്തെത്തിച്ചത്.
ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്കുനേരെ വ്യാപക കൈയേറ്റമുണ്ടായി. മീഡിയ വണ്ണിന്റെ കാമറ തകർത്തു. ട്വന്റി ഫോർ ചാനൽ ഡ്രൈവർക്കുനേരെയും ഏഷ്യനെറ്റിന്റെ കാമറ സംഘത്തിനുനേരെയും ആക്രമണമുണ്ടായി. എസിവിയുടെ പ്രാദേശിക റിപ്പോർട്ടർ ഷെരിഫ് എം ജോർജിനെ മർദിച്ച് കാമറയും മൊബൈൽ ഫോണും നശിപ്പിച്ചു. കൈരളി ന്യൂസ് സംഘത്തെ ഭീഷണിപ്പെടുത്തി. അതേസമയം, പൊലീസ് വൈദികരെ ഉപദ്രവിച്ചെന്നും സ്ത്രീകളെ അസഭ്യം പറഞ്ഞെന്നും സമരസമിതി ആരോപിച്ചു.
ലക്ഷ്യം കലാപം: മന്ത്രി വി ശിവൻകുട്ടി
വിഴിഞ്ഞം സമരം കലാപശ്രമം ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമരക്കാരുടെ ഏഴ് ആവശ്യത്തിൽ ആറും സർക്കാർ അംഗീകരിച്ചു. പദ്ധതി പൂട്ടണമെന്ന ആവശ്യം നടപ്പാക്കാനാകാത്തതാണെന്ന് സർക്കാർ പലവട്ടം നടത്തിയ ചർച്ചകളിൽ വ്യക്തമാക്കിയതാണ്. എന്നാൽ, ചർച്ചകളിൽ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു മടങ്ങുന്ന നേതാക്കളെ വീണ്ടും സമരമുഖത്താണ് കാണുന്നത്.
സമര കേന്ദ്രത്തിലുള്ള പൊലീസുകാർ ഭൂമിയോളം ക്ഷമിച്ചാണ് അവിടെ തുടരുന്നത്. അവരെ ആക്രമിച്ചും പ്രകോപിപ്പിച്ചും കലാപമുണ്ടാക്കാനാണ് ശ്രമം. ഒടുവിൽ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. സമരക്കാർതന്നെ ഇപ്പോൾ രണ്ട് തട്ടിലാണ്. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമുണ്ട്. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ നടപടിക്കൊപ്പം നിന്ന് സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വി ശിവൻകുട്ടി അഭ്യർഥിച്ചു.















