തിരുവനന്തപുരം
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതിവിധി ഇതേ കോടതിയുടെതന്നെ മുൻ വിധിയുടെ ലംഘനം. യുജിസി ചട്ടങ്ങൾ സംസ്ഥാനങ്ങൾ പാലിക്കണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് ആഗസ്ത് രണ്ടിന് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു. സർവകലാശാലകളിലെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീൽ തള്ളി ജസ്റ്റിസ് ഇന്ദിര ബാനർജി, വി രാമസുബ്രമണ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. ഇതോടെ കെടിയു വിസി നിയമനം സംബന്ധിച്ച വിധിക്കെതിരെ പുനഃപരിശോധനാ ഹർജിക്ക് സാധ്യതയേറി.
‘വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാലും അതത് സംസ്ഥാനത്ത് പ്രാദേശികമായ സ്ഥിതിഗതികൾ ഉള്ളതിനാലും ഇത്തരം വിഷയങ്ങളിൽ അവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള വിവേചനാധികാരമുണ്ട്. ഉത്തർപ്രദേശിലെ സാഹചര്യമല്ല കേരളത്തിലുള്ളത്, പല വ്യത്യാസങ്ങളുമുണ്ട്. അതുകൊണ്ട്, യുജിസി ചട്ടങ്ങൾ അനുസരിക്കാനോ പിന്തുടരാനോ സംസ്ഥാനത്തിന് ഒരു ബാധ്യതയുമില്ലെന്ന് ഈ കോടതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു’–- വിധി പ്രസ്താവത്തിൽ പറഞ്ഞു.
2015ലെ സാങ്കേതിക സർവകലാശാല നിയമപ്രകാരമാണ് വൈസ് ചാൻസലറെ നിയമിച്ചത്. സെർച്ച് കമ്മിറ്റി അർഹരുടെ പാനലാണ് നൽകേണ്ടതെന്ന 2013ലെ ചട്ടമുണ്ടായിട്ടും ഇതിനെ യുജിസിയും ചോദ്യം ചെയ്തിരുന്നില്ല. സുപ്രീംകോടതിയാകട്ടെ, തർക്കവിഷയത്തിൽ കേന്ദ്ര–-സംസ്ഥാന നിയമങ്ങളിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്ര നിയമമാണ് നിലനിൽക്കുകയെന്ന 254–-ാം അനുച്ഛേദം മാത്രമാണ് അടിസ്ഥാനമാക്കിയത്.
സമാന വിഷയങ്ങളിൽ മുമ്പുള്ള ഉത്തരവിന് എതിരാണ് വിധിയെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജി പ്രകാശ് പറഞ്ഞു. രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് മറ്റൊരു രണ്ടംഗ ബെഞ്ചിന് മറികടക്കാനുമാകില്ല, അതിന് വിശാല ബെഞ്ച് ആവശ്യമാണെന്ന പ്രശ്നവും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.















