ന്യൂഡൽഹി
പുതിയ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയിൽനിന്ന് ശശി തരൂരിനെ ഒഴിവാക്കിയത് സോണിയ കുടുംബഭക്ത നേതാക്കളുടെ സമ്മർദത്തെ തുടർന്നെന്ന് സൂചന.
സോണിയ ഗാന്ധി പ്രസിഡന്റായിരുന്ന ഘട്ടത്തിലെ പ്രവർത്തകസമിതി അംഗങ്ങളെയും ഭാരവാഹികളെയും ഉൾപ്പെടുത്തിയാണ് കമ്മിറ്റിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും തരൂരിനെ ഒഴിവാക്കിയതിനുപിന്നിൽ ഒരു വിഭാഗത്തിന്റെ കൃത്യമായ കരുനീക്കമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആയിരത്തിലേറെ വോട്ട് നേടിയ തരൂർ കേന്ദ്ര നേതൃത്വത്തിലേക്ക് ഉയരുന്നത് കെ സി വേണുഗോപാലും വി ഡി സതീശനും അടക്കമുള്ള കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ താൽപ്പര്യപ്പെടുന്നില്ല. തൽക്കാലം അകറ്റിനിർത്തണമെന്ന ഉപദേശമാണ് സോണിയ കുടുംബത്തിന് ഇവർ നൽകുന്നത്. 47 പേർ ഉൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റിയിൽപ്പോലും തരൂരിനെ ഉൾപ്പെടുത്താത്തതിലൂടെ നേതൃത്വത്തിന്റെ മനോഭാവം വ്യക്തമാണ്.
തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പരിഗണിക്കപ്പെടാത്തതിൽ തരൂർ ക്യാമ്പും നിരാശയിലാണ്. കൂടുതൽ അവഗണന നേരിടേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്.
















