ആലപ്പുഴ
വീരവയലാറിന് വ്യാഴാഴ്ച ചെഞ്ചോരച്ചുവപ്പായിരുന്നു. 76 വർഷം മുമ്പ് സാമ്രാജ്യത്വത്തിനും രാജവാഴ്ചയ്ക്കും ജന്മിത്വത്തിനുമെതിരെ ഗർജിച്ച വയലാർ ഗ്രാമം, രക്തസാക്ഷികളുടെ വീരസ്മരണകൾക്കു മുന്നിൽ ആവേശഭരിതമായി. ജനം രാവിലെ മുതൽ വയലാറിലേക്ക് ഒഴുകിത്തുടങ്ങി. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ കൊളുത്തി അത്ലീറ്റ് വി പി കുഞ്ഞുമോന് കൈമാറി. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം നേതാവ് എസ് ബാഹുലേയൻ ദീപശിഖ തെളിച്ച് അത്ലീറ്റ് സമറുദീനെ ഏൽപ്പിച്ചു. നിരവധി വാഹനങ്ങൾ, വാദ്യമേളങ്ങൾ, ദൃശ്യകലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ദീപശിഖകൾ വയലാറിൽ എത്തിച്ചത്. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. പുഷ്പാർച്ചനയ്ക്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മന്ത്രി പി പ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ നേതൃത്വം നൽകി.
വൈകിട്ട് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു.
ബലികുടീരത്തിൽ പകൽ മൂന്നിനു ചേർന്ന വയലാർ രാമവർമ അനുസ്മരണ സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, ജി എസ് പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
മുന്നോട്ടുപോകാനുള്ള
ഊർജം: മുഖ്യമന്ത്രി
പുന്നപ്ര വയലാറിലെ സംഘടിത തൊഴിലാളിവർഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മർദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് പുന്നപ്ര–- വയലാർ സമരം എന്നും പ്രചോദനമായി. രാജ്യത്ത് നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലമായി കർഷകരും തൊഴിലാളികളും ചൂഷണത്തിന് വിധേയരാകുന്നു. ഇതിനെതിരെ തൊഴിലാളികളെയും കർഷകരെയും അണിനിരത്തിയാണ് കമ്യൂണിസ്റ്റ് പാർടികൾ മുന്നോട്ടുപോകുന്നത്. വർഗീയത ഇളക്കിവിട്ട് അടിസ്ഥാന വർഗത്തിന്റെ ഐക്യത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണം. വർഗ ഐക്യത്തിന്റെ പാഠമുൾക്കൊണ്ട് മുന്നോട്ടുപോകാനുള്ള ഊർജമാണ് പുന്നപ്ര വയലാർ നൽകുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.