തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെ തുടർച്ചയായി ആക്രമിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ ന്യായീകരിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജ ഏറ്റുമുട്ടലെന്ന് ആവർത്തിച്ച അദ്ദേഹം അത് വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും തട്ടിവിടുന്നു. കോൺഗ്രസിന്റെതന്നെ മുതിർന്ന നേതാക്കൾ ഗവർണറെ തള്ളിയിട്ടും അത് മാനിക്കാതെയാണ് വി ഡി സതീശന്റെ പോക്ക്. ഇത് കോൺഗ്രസിനും യുഡിഎഫിനും വലിയ ദോഷമാകുമെന്ന് പല കോൺഗ്രസ് നേതാക്കളും പറയുന്നു.
സുപ്രധാന ബില്ലുകളും ഓർഡിനൻസുകളും ഗവർണർ പിടിച്ചുവച്ചിരിക്കുന്നു. ഒരു കേസിലെ സുപ്രീംകോടതി വിധിയുടെ മറവിൽ 11 സർവകലാശാലയിലെ വൈസ് ചാൻസലർമാരെ പിരിച്ചുവിടാൻ തുനിഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിരന്തരം ആക്ഷേപിക്കുകയും ധനമന്ത്രിക്കുള്ള പ്രീതി പിൻവലിക്കുകയും ചെയ്തു. ഭരണഘടനയും ജനാധിപത്യ മര്യാദയും ലംഘിച്ച് ഗവർണർ തുടർച്ചയായി നടത്തുന്ന ഈ അതിക്രമങ്ങൾ ‘ഒത്തുകളി’ ആണെന്ന പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ ദുരൂഹമാണ്.
മുസ്ലിംലീഗും ആർഎസ്പിയും അടക്കം യുഡിഎഫിലെ ഘടകകക്ഷികൾ ഒന്നടങ്കം ഗവർണർക്കെതിരെ രംഗത്തുവന്നു. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ മുരളീധരനും അടക്കമുള്ളവർ ഗവർണറെ തള്ളിപ്പറഞ്ഞു. അതേ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവായ വി ഡി സതീശൻ സ്വന്തം മുന്നണിയെ തള്ളിയാണ് ഗവർണർക്ക് കുടപിടിക്കുന്നത്.
ജനങ്ങളെ കബളിപ്പിക്കാനാണ് വ്യാജ ഏറ്റുമുട്ടലെന്നും സുപ്രീംകോടതിക്കെതിരെയാണ് സിപിഐ എം സമരം ചെയ്യുന്നതെന്നുമാണ് സതീശന്റെ പരിഹാസം. അതേസമയംതന്നെ, ബിജെപി നേതൃത്വം കെട്ടിഎഴുന്നള്ളിച്ച് നടത്തുന്ന സ്വപ്ന സുരേഷ് തട്ടിവിടുന്നത് അപ്രധാനമായതിലും ആരും ശ്രദ്ധിക്കാത്തതിലും അതീവസങ്കടവും അദ്ദേഹം തുറന്നുപറയുന്നു. സംഘപരിവാറുമായി വി ഡി സതീശനുള്ള ബന്ധത്തിന്റെ ആഴം ചെറുതല്ല എന്നതിന് മറ്റുതെളിവുകൾ ആവശ്യമില്ല.