ന്യൂഡൽഹി
കേരള പൊലീസിനെ സമ്പൂർണ ആധുനിക സേനയാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാർ അധിക ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊലീസ് നവീകരണത്തിനായി 150 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. 30 കോടി രൂപ മാത്രമാണ് പ്രതിവർഷ കേന്ദ്രവിഹിതം. സേനയുടെ ആധുനീകരണത്തിന് പ്രത്യേക പദ്ധതിക്ക് കേന്ദ്രം രൂപം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാർക്കുള്ള ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യാധുനിക പശ്ചാത്തല സൗകര്യമൊരുക്കൽ, സാങ്കേതിക വിദ്യകൾ കൂടുതൽ ഉപയോഗപ്പെടുത്തൽ, ആധുനിക പരിശീലനം, ഹൗസിങ് തുടങ്ങിയവയ്ക്ക് കൂടുതൽ തുക ആവശ്യമാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിന് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം മെച്ചപ്പെടുത്താൻ പ്രത്യേക സാമ്പത്തിക സഹായം വേണം. ദുരന്തനിവാരണത്തിൽ പൊലീസുകാർക്ക് പരിശീലനം നൽകുന്നതിനുള്ള സാങ്കേതിക സഹായം വേണം.
തീരസുരക്ഷയ്ക്കായി മൂന്ന് ഘട്ടത്തിലായി വിവിധ പദ്ധതികൾ നടപ്പാക്കി. കടലിൽനിന്നുള്ള ഭീഷണികളെ ചെറുക്കുന്നതിനുള്ള കടലോര ജാഗ്രതാ സമിതിയും പ്രവർത്തിക്കുന്നു. ലഹരി ഉപയോഗം തടയുന്നതിന് സർക്കാർ വിപുലമായ ക്യാമ്പയിൻ ആരംഭിച്ചു. ലഹരിക്കടത്ത് തടയാൻ കേന്ദ്ര ഏജൻസികളുടെ സഹായവും വേണം.
എല്ലാ കുറ്റകൃത്യങ്ങളും രജിസ്റ്റർ ചെയ്യുന്ന നയമാണ് കേരളത്തിന്റേത്. 2021 ൽ 5.2 ലക്ഷത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. അത്യാധുനിക ഡ്രോൺ ഫോറൻസിക് ലാബ് വികസിപ്പിച്ച കൗണ്ടർ ഡ്രോൺ ഈഗിൾ ഐ അടക്കമുള്ള സൈബർ സുരക്ഷാ രംഗത്തെ നേട്ടങ്ങളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ദേശീയതലത്തിൽ മാതൃകയായ സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക് സമാനമായ സമഗ്ര പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.