തലശേരി> പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടിവീട്ടിൽ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ വീട്ടിൽ ശ്യാംജിത്തിനെ (26) അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ പാനൂർ എസ്എച്ച്ഒ എം പി ആസാദ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. 29ന് പകൽ 11.30ന് കോടതിയിൽ തിരികെ ഹാജരാക്കണം.
പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെതുടർന്ന് കണ്ണൂർ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. 22ന് രാവിലെ 10നും 12നും ഇടയിലുള്ള സമയത്താണ് യുവതി കൊല്ലപ്പെട്ടത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ പ്രതി വീട്ടിലെ മുറിയിൽ കയറി കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങൾകൊണ്ട് വെട്ടി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സംഭവദിവസം മാനന്തേരിയിൽവച്ച് പാനൂർ എസ്ഐ സി സി ലതീഷാണ് പ്രതിയെ അറസ്റ്റുചെയ്തത്. കണ്ണൂർ ജില്ലാ ജയിലിൽ നവംബർ അഞ്ചുവരെ റിമാൻഡുചെയ്തതാണ്. ആയുധം വാങ്ങിയ കടയിലും പെൺകുട്ടിയെപിന്തുടർന്ന സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ അന്വേഷകസംഘം ബോധിപ്പിച്ചു.