ന്യൂഡൽഹി> ഹിമാലിലെ ഷിംല അർബൻ മണ്ഡലത്തിൽ ബിജെപി കൊട്ടിഘോഷിച്ച് രംഗത്തിറക്കിയ ‘ചായക്കടക്കാരൻ’ സ്ഥാനാർത്ഥി സഞ്ജയ് സൂദ് യഥാർത്ഥത്തിൽ കോടീശ്വരൻ. നാമനിർദേശ പത്രികയോടൊപ്പം ബിജെപി സ്ഥാനാർത്ഥി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മൂന്നു കോടി രൂപയുടെ സ്വത്തുള്ളതായാണ് അറിയിച്ചിരിക്കുന്നത്. നാലുവട്ടം എംഎൽഎയും മന്ത്രിയുമായ സുരേഷ് ഭരദ്വാജിനെ മാറ്റിയാണ് ചായക്കടക്കാരൻ എന്ന വിശേഷണത്തോടെ സൂദിനെ ബിജെപി രംഗത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചായവിൽപ്പന ’ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി നേട്ടമുണ്ടാക്കുകയായിരുന്നു ബിജെപി ലക്ഷ്യം.
ബിജെപിയുടെ ഷിംല ജില്ലാ അധ്യക്ഷനായ സൂദിന് 1.1 കോടിയുടെ ജംഗമ സ്വത്തും 1.8 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. ഷിംലയിലെ സരഹനിലും കാങ്ടയിലെ രാംനഗറിലും ഭൂസ്വത്തുണ്ട്. ഷിംലയിലും കെയ്ത്തുവിലും സ്വന്തമായി കെട്ടിടങ്ങളുമുണ്ട്. ബിസിനസുകാരനായ സാമൂഹികപ്രവർത്തകൻ എന്നാണ് സത്യവാങ്മൂലത്തിൽ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികൾ തനിക്ക് സ്വത്ത് എത്രയുണ്ടെന്നാണ് നോക്കുന്നതെന്നും താൻ നേരിട്ട കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നില്ലെന്നും സൂദ് പറഞ്ഞു. ഷിംല പഴയ ബസ്സ്റ്റാൻഡ് മേഖലയിൽ 1991 മുതൽ സൂദിന്റെതായി ഒരു ടീ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചായക്കടക്കാരനായ സ്ഥാനാർത്ഥി എന്ന വിശേഷണം ബിജെപി നേതൃത്വം നൽകിയത്. തന്റെ സമ്പാദ്യമെല്ലാം ചായ വിറ്റ് നേടിയതാണെന്നാണ് സൂദിന്റെ അവകാശവാദം.
സൂദിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാണ്. ഷിംലയിൽ നിന്ന് കസുംടിയിലേക്ക് മാറേണ്ടി വന്ന സുരേഷ് ഭരദ്വാജിന്റെ അനുനായികൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കോൺഗ്രസിന്റെ ഹരീഷ് ജനാർത്തയും സിപിഐഎമ്മിന്റെ ടിക്കന്ദർ സിങ് പൻവറും എഎപിയുടെ ചമൻ രാകേഷ് അസ്തയുമാണ് സൂദിന്റെ എതിരാളികൾ.