ന്യൂഡൽഹി
ധനമന്ത്രി കെ എൻ ബാലഗോപാലിനെ പിൻവലിക്കണമെന്ന ഗവർണറുടെ കത്ത് പുച്ഛത്തോടെ തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ വരുമാനത്തെ ഗവർണർ പരിഹസിക്കുമ്പോൾ ധനമന്ത്രിക്ക് മറുപടി നൽകേണ്ടി വരും. ഗവർണറുടെ നടപടികൊണ്ട് ഭരണപ്രതിസന്ധി ഉണ്ടാകില്ല. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചാൽ അത് തെറ്റാണെന്ന് പ്രതിപക്ഷം പറയും. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവർണർ– -സതീശൻ പറഞ്ഞു.
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗത്തെ പിൻവലിക്കാൻ ഗവർണർ തീരുമാനിച്ചപ്പോൾ 11 അംഗത്തെ മാത്രമേ പിൻവലിക്കാൻ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വിധി പ്രഖ്യാപിച്ചാൽ അത് നാട്ടിലെ നിയമമാണ്. പ്രതിപക്ഷം വിസിമാരുടെ അക്കാദമിക് യോഗ്യതകളല്ല, അവരെ നിയമിച്ചതിലെ നടപടിക്രമത്തെയാണ് ചോദ്യം ചെയ്തത്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.