ആലപ്പുഴ
ഹൃദയരക്തം നൽകി കേരളത്തെ പുതുക്കിപ്പണിത വയലാറിലെ രണധീരർക്ക് വ്യാഴാഴ്ച നാട് പ്രണാമമർപ്പിക്കും. സർ സിപിയുടെ പട്ടാളത്തിന്റെ നിറതോക്കിനുമുന്നിൽ ദേശാഭിമാനത്തിന്റെ വാരിക്കുന്തങ്ങളുയർത്തിയ അവിസ്മരണീയ പോരാട്ടത്തിന്റെ എഴുപത്തിയാറാം വാർഷികാഘോഷത്തിന് വയലാർ ഗ്രാമം വ്യാഴാഴ്ച ചുവപ്പുമേലാപ്പണിയും. പുന്നപ്രയിലും കാട്ടൂരിലും മാരാരിക്കുളത്തും മേനാശേരിയിലും ഒളതലയിലും പൊരുതിമരിച്ചവരുടെ സ്മരണയ്ക്കൊപ്പം വയലാറിലെ രക്തസാക്ഷികൾ പകർന്ന വിപ്ലവാവേശവും അലയടിച്ചുയരും. 20ന് സിഎച്ച് കണാരൻ ദിനത്തിൽ ആരംഭിച്ച പുന്നപ്ര–- വയലാർ വാരാചരണത്തിന് വയലാർ ദിനത്തോടെ തിരശീലവീഴും.
പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വ്യാഴം രാവിലെ ഏഴരയ്ക്ക് സിപിഐ എം നേതാവ് ജി സുധാകരൻ ദീപശിഖ അത്ലീറ്റിന് കൈമാറും. രാവിലെ ഒൻപതിന് മേനാശേരി രക്തസാക്ഷിമണ്ഡപത്തിൽ എസ് ബാഹുലേയൻ ദീപശിഖ നൽകും. വാദ്യമേളങ്ങൾ, ദൃശ്യകലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെയാണ് അത്ലീറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖാപ്രയാണം. ഉച്ചയോടെ വയലാറിലെത്തുന്ന ദീപശിഖകൾ കേന്ദ്രവാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. വൈകീട്ട് വൻ ജനാവലി പങ്കെടുക്കുന്ന പൊതുയോഗം ചേരും.