തിരുവനന്തപുരം
1,85,000 നിയമനം, സംസ്ഥാന സർക്കാരിന്റെ അഭിമാനമായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ), രണ്ടുഘട്ട പരീക്ഷാ പരിഷ്കാരം, പട്ടികവർഗക്കാർക്കായി പ്രത്യേക നിയമനം എന്നിങ്ങനെ ആറ് വർഷത്തിനിടെ കേരള പിഎസ്സി കൈവരിച്ചത് അഭിമാനകരമായ നേട്ടങ്ങൾ.
പിഎസ്സിയെ അടിമുടി പരിഷ്കരിച്ച് രാജ്യത്തിനുമുന്നിൽ മാതൃകയായി അവതരിപ്പിച്ച ചെയർമാൻ എം കെ സക്കീർ 30-ന് കാലാവധി പൂർത്തിയാക്കി പടിയിറങ്ങും. പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ എം കെ സക്കീർ 2016 ഒക്ടോബർ 30-നാണ് പിഎസ്സി ചെയർമാനായി നിയമിതനായത്. തൃശൂരിൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ 2011- ൽ പിഎസ്സി അംഗമായി. മറ്റ് സംസ്ഥാനങ്ങൾക്ക് പ്രതിവർഷം പതിനായിരംപേർക്കുപോലും സ്ഥിരനിയമനം സാധിക്കാതിരിക്കുമ്പോഴാണ് കേരളം ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്ന് എംകെ സക്കീർ പറയുന്നു. വിരമിച്ചശേഷം അഭിഭാഷക ജോലിയിൽ തുടരാനാണ് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ലിസിയാണ് ഭാര്യ . മകൾ നികിത എൻജിനിയറാണ് , മകൻ അജീസ് അഭിഭാഷകൻ.
അഭിമാനമായി കെഎഎസ്
ആറു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാന സർക്കാർ 2021 ൽ കെഎഎസ് യാഥാർഥ്യമാക്കിയപ്പോൾ പിഎസ്സി ചെയർമാനെന്ന നിലയിൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ് വലിയ നേട്ടമെന്ന് എംകെ സക്കീർ പറഞ്ഞു. പരാതികൾക്ക് ഇടനൽകാതെ കെഎഎസ് വിജ്ഞാപനം ഇറക്കി പരീക്ഷ നടത്തി യഥാസമയം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായി.
108 പേർക്ക് നിയമന ശുപാർശ നൽകി.
രണ്ടുഘട്ട പരീക്ഷയും
സിലബസ് പരിഷ്കരണവും
പ്രധാന തസ്തികകളിൽ രണ്ടുഘട്ട പരീക്ഷ നടപ്പാക്കി. പത്താംതരം, ഹയർസെക്കൻഡറി, ബിരുദം എന്നിവ യോഗ്യതയായി വരുന്ന തസ്തികകളെ മൂന്നായി തിരിച്ച് പ്രാഥമിക പരീക്ഷ പൊതുവായി നടത്തി. പൊതുവിജ്ഞാനം കാണാതെ പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന പഴയരീതി അപ്പാടെ മാറ്റിയതും എംകെ സക്കീറിന്റെ കാലത്താണ്. പരീക്ഷാ സിലബസ് അപ്പാടെ പരിഷ്കരിച്ചു. ചോദ്യങ്ങൾ ഉന്നത നിലവാരത്തിലുള്ളതാക്കി. ഇതിലൂടെ കൂടുതൽ കാര്യക്ഷമതയുള്ള ജീവനക്കാരെ സൃഷ്ടിക്കാനായി.
പട്ടികവർഗക്കാർക്ക്
പ്രത്യേക നിയമനം
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളിൽ കഴിയുന്ന 125 പട്ടികവർഗക്കാർക്ക് പൊലീസ്, എക്സൈസ് തസ്തികകളിൽ നിയമനം നൽകി. ഇവർക്കായി ശാരീരികക്ഷമതാ പരീക്ഷ നടത്തിയിരുന്നു.