ലിസ്ബൺ/പാരിസ്/ഡോർട്ട്മുണ്ട്
യുവന്റസിന്റെ പതനം പൂർത്തിയായി. ബെൻഫിക്കയോട് 3–-4ന് തോറ്റ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽനിന്ന് ഇറ്റാലിയൻനിര പുറത്തായി. പാരമ്പര്യമോ പെരുമയോ ഒന്നും യുവന്റസിനെ തുണച്ചില്ല. 2013നുശേഷം ആദ്യമായാണ് രണ്ടുവട്ടം ചാമ്പ്യൻമാരായ ടീം ഗ്രൂപ്പുഘട്ടം കടക്കാതെ മടങ്ങുന്നത്. ഇറ്റാലിയൻ ലീഗിലും കഷ്ടകാലമാണ്. 11 കളിയിൽ 19 പോയിന്റുമായി എട്ടാംസ്ഥാനത്താണ്. ജയത്തോടെ ബെൻഫിക്ക ഗ്രൂപ്പ് എച്ചിൽനിന്ന് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. മക്കാബി ഹയ്ഫയെ 7–-2ന് തകർത്ത് പിഎസ്ജിയും മുന്നേറി. ലയണൽ മെസിയും കിലിയൻ എംബാപ്പെയും ഇരട്ടഗോളടിച്ചു. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നീ ടീമുകളും അവസാന പതിനാറിൽ ഇടം ഉറപ്പാക്കി.
പഴയ പ്രതാപത്തിന്റെ ഏഴയലത്തില്ല യുവന്റസ്. ആരോടും തോൽക്കും, എത്ര ഗോളും വഴങ്ങും. ഇരട്ടഗോൾ നേടിയ റാഫാ സിൽവയാണ് ബെൻഫിക്കയുടെ വിജയമുറപ്പിച്ചത്. അന്റോണിയോ സിൽവയും ജോയോ മരിയോയും ലക്ഷ്യം കണ്ടു. മോയിസ് കീൻ, അർകാദിസുസ് മിലിക്, വെസ്റ്റൺ മക്ക്കിന്നി എന്നിവരാണ് യുവന്റസിനായി ഗോളടിച്ചത്. ഒരുവേള 1–-4ന് പിറകിലായിരുന്നു യുവന്റസ്. അഞ്ചുതവണ തുടർച്ചയായി ഇറ്റാലിയൻ ചാമ്പ്യൻമാരാക്കുകയും ചാമ്പ്യൻസ് ലീഗിൽ രണ്ടുതവണ റണ്ണറപ്പാക്കുകയും ചെയ്ത പരിശീലകൻ മാസിമില്ലിയാനോ അല്ലെഗ്രിക്ക് കീഴിലാണ് ദയനീയ പ്രകടനം.
മക്കാബിക്കെതിരെ തകർപ്പൻ കളിയായിരുന്നു പിഎസ്ജിയുടേത്. മെസിയും എംബാപ്പെയും മികച്ചുനിന്നു. ഇരുവരും രണ്ടുവീതം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെയ്മർ, കാർലോസ് സൊളേർ എന്നിവരും പിഎസ്ജിക്കായി നിറയൊഴിച്ചു. ഷോൺ ഗോൾഡ്ബെർഗിന്റെ പിഴവിൽനിന്നായിരുന്നു മറ്റൊന്ന്. അബ്ദൗലായേ സെക്കാണ് മക്കാബിയുടെ രണ്ട് ഗോളും നേടിയത്.
ആർബി സാൽസ്ബുർഗിനെ 2–-1ന് വീഴ്ത്തിയാണ് ചെൽസി കുതിച്ചത്. മാറ്റിയോ കൊവാസിച്ച്, കയ് ഹവേർട്സ് എന്നിവരാണ് വല കണ്ടത്. ജൂനിയർ അദാമുവാണ് സാൽസ്ബുർഗിന്റെ ഗോൾ നേടിയത്. ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഗോളില്ലാതെ പിരിഞ്ഞെങ്കിലും സിറ്റി കടന്നു. റിയാദ് മഹ്റെസ് പെനൽറ്റി പാഴാക്കിയതാണ് സിറ്റിയുടെ ജയം തടഞ്ഞത്. എസി മിലാൻ ഡൈനാമോ സഗ്രെബിനെ നാല് ഗോളിന് തകർത്തു. സെവിയ്യ കോപൻഹേഗിനെയും വീഴ്ത്തി (3–-0).















