ന്യൂഡൽഹി
വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കാന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർവകലാശാലകൾക്ക് അവകാശം നല്കി യുജിസി വരുത്തിയ നിയമഭേദഗതി സാങ്കേതിക സർവകലാശാല വിസി നിയമനകേസില് സുപ്രീംകോടതി പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ, സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാന് സാധ്യതയുണ്ടെന്ന് നിയമവൃത്തങ്ങൾ.
2013ലെ യുജിസി റെഗുലേഷൻസ് ഭേദഗതിയിലെ 7.3.0 വകുപ്പിലാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയുള്ളത്. ‘ബന്ധപ്പെട്ട സർവകലാശാലകളുടെ നിയമപ്രകാരമോ ചട്ടപ്രകാരമോ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാം’–- എന്നാണ് ഭേദഗതിയിൽ പറഞ്ഞിട്ടുള്ളത്. 2015ലെ സാങ്കേതിക സർവകലാശാല നിയമം അനുസരിച്ച് രൂപീകരിച്ച സെർച്ച് കമ്മിറ്റിയാണ് വിസിയെ ശുപാർശ ചെയ്തത്. യുജിസി റെഗുലേഷൻസ് ഭേദഗതി അതിനുള്ള അവകാശം നൽകിയിട്ടുമുണ്ട്. കേസിൽ വാദം കേൾക്കുമ്പോൾ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, വിധിന്യായത്തിൽ ഈ നിയമപ്രശ്നം സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല. ‘യുജിസി റെഗുലേഷൻസ് പ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള വിസി നിയമനം റദ്ദാക്കുന്നു’–- എന്നുമാത്രമാണ് കോടതി ഉത്തരവിലെ പരാമർശം.
സെർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേന മൂന്നോ അഞ്ചോ പേരുകളുള്ള പാനൽ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്ന കാര്യത്തിൽ യുജിസി റെഗുലേഷനിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ തുടർനടപടി എന്തായിരിക്കണമെന്ന് സാങ്കേതിക സർവകലാശാല നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘സെർച്ച് കമ്മിറ്റിയിലെ ഓരോ അംഗത്തിനും ഓരോ പേരുവീതം ചാൻസലർക്ക് ശുപാർശ ചെയ്യാം’–- എന്നതാണ് തുടർനടപടി. ഇതുപ്രകാരമുള്ള ശുപാർശയാണ് സെർച്ച് കമ്മിറ്റി നടത്തിയത്.















