കൊച്ചി
ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിക്ക് പ്രസിഡന്റില്ലാതായിട്ട് ഒരാഴ്ചയായിട്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്താനാകാതെ നേതൃത്വം.
രാജിവച്ച പ്രസിഡന്റിനു പകരം ഏഴുപേർ രംഗത്തുവന്നതോടെ തീരുമാനമെടുക്കാനാകാത്ത നിലയിലാണ് സംസ്ഥാനനേതൃത്വം. പ്രസിഡന്റാകാൻ ആർഎസ്എസ് നോമിനിയടക്കം രംഗത്തുണ്ട്. വ്യാഴാഴ്ച ജില്ലാ കോർകമ്മിറ്റി വിളിച്ച് സമവായത്തിലൂടെ താൽക്കാലിക പ്രസിഡന്റിനെ കണ്ടെത്താനാണ് നീക്കം.
സുരേന്ദ്രൻപക്ഷം ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ഷൈജുവിന്റെ പേര് മുന്നോട്ടുവയ്ക്കുമ്പോൾ കൃഷ്ണദാസ് പക്ഷം എം എ ബ്രഹ്മരാജിനെയാണ് നിർദേശിച്ചത്. സംസ്ഥാനസമിതി അംഗം സി ജി രാജഗോപാലിന്റെ പേരാണ് കുമ്മനം രാജശേഖരനും ഡോ. കെ എസ് രാധാകൃഷ്ണനും നിർദേശിച്ചത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിനും തൃക്കാക്കരയിൽ മത്സരിച്ച എസ് സജിക്കും കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പിന്തുണയുണ്ട്. പുതിയ സംസ്ഥാന പ്രസിഡന്റ് മൂന്നുമാസത്തിനകം വരുമെന്നതിനാൽ നിലവിലെ ജില്ലാ വൈസ് പ്രസിഡന്റ് എൻ എൽ ജയിംസിനെ അതുവരെ താൽക്കാലിക പ്രസിഡന്റാക്കി പ്രശ്നം പരിഹരിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്.
സംസ്ഥാന വക്താക്കളിലൊരാളായ ടി പി സിന്ധുമോളുടെ പേരും പരിഗണനയിൽ വന്നെങ്കിലും താൽപ്പര്യമില്ലെന്ന് അവർ അറിയിച്ചതായാണറിവ്.
മോദിയുടെ നെടുമ്പാശേരി സ്വീകരണത്തിൽ പങ്കാളിത്തം കുറഞ്ഞതിന്റെ പേരിൽ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ കഴിഞ്ഞയാഴ്ച രാജിവച്ചത്. സംസ്ഥാന പ്രസിഡന്റിന് കത്തയച്ചശേഷം ജില്ലാ നേതാക്കളുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന് ഒഴിവാകുകയായിരുന്നു. പാർടി ഫണ്ട് കൈകാര്യം ചെയ്തതിൽ ജയകൃഷ്ണൻ വീഴ്ചവരുത്തിയെന്ന ആക്ഷേപം ഉയർന്നിട്ടും ആർഎസ്എസ് നോമിനിയായതിനാൽ കെ സുരേന്ദ്രൻ സംരക്ഷിച്ചു നിർത്തുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ യോഗത്തിൽ പ്രവർത്തകരുടെ പങ്കാളിത്തം കുറഞ്ഞതോടെ സുരേന്ദ്രന് ഒടുവിൽ രാജി ആവശ്യപ്പെടേണ്ടി വന്നു.















