തിരുവനന്തപുരം
ജീവനക്കാർ സർക്കാരിന്റെ അവിഭാജ്യ ഭാഗമാണെന്നും അവരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായും നീതിയുക്തമായും പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ജീവനക്കാർക്ക് കഴിയണം. തിരുവനന്തപുരം ലോ കോളേജ് ജങ്ഷനു സമീപം നേതാജി നഗറിൽ സർക്കാർ ജീവനക്കാർക്കായി നിർമിച്ച ക്വാർട്ടേഴ്സ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാർക്കായി പുതിയ ക്വാർട്ടേഴ്സുകൾ നിർമിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ വയ്ക്കുന്നുണ്ട്. മറ്റു പ്രദേശങ്ങളിൽനിന്ന് ധാരാളംപേർ ജോലിക്കെത്തുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുന്നത് പ്രധാന ഉത്തരവാദിത്വത്തമായാണ് കാണുന്നത്. 845 എൻജിഒ ക്വാർട്ടേഴ്സും 35 ഗസറ്റഡ് ഓഫിസേഴ്സ് ക്വാർട്ടേഴ്സുകളുമാണ് ഇപ്പോഴുള്ളത്. ക്വാർട്ടേഴ്സിനുള്ള അപേക്ഷ നോക്കിയാൽ ഇവ അപര്യാപ്തമാണ്. ഇതു മുൻനിർത്തിയാണ് പുതിയ ക്വാർട്ടേഴ്സുകൾ നിർമിക്കുന്നത്.
85 കോടി ചെലവിലാണ് പുതിയ ക്വാർട്ടേഴ്സ് സമുച്ചയം നിർമിച്ചത്. മൂന്നു ബ്ലോക്കുകളിലായി 18 അപ്പാർട്ട്മെന്റുകളുണ്ട്. നേതാജി നഗറിൽ പല ഘട്ടങ്ങളിലായി ക്വാർട്ടേഴ്സുകൾ നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ടൗൺഷിപ് മാതൃകയിലാണ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.