കൊച്ചി> കുണ്ടന്നൂരിലെ ബാറിൽ മദ്യപിക്കാനെത്തിയവർ തോക്കെടുത്ത് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുണ്ടന്നൂർ ഓജീസ് കാന്താരി ബാറിലെത്തിയ രണ്ട് പേർ മദ്യപിച്ച് കാശ് കൗണ്ടറിൽ കാശ് കൊടുത്ത ശേഷം തോക്ക് കൊണ്ട് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ബുധൻ വൈകിട്ട് 3.30നാണ് സംഭവം.
ഇവർ പിന്നീട് ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു. സ്ഥിരമായി മദ്യപിക്കാനെത്തുന്നവരല്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവർ വെടിവെച്ചതെന്നും ഹോട്ടൽ അധികൃതർ മരട് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. അതേസമയം, വൈകിട്ട് 3.30ഓടെ നടന്ന സംഭവം രാത്രി ഏഴിനാണ് ബാർ അധികൃതർ അറിയിച്ചയെന്ന് മരട് പൊലീസ് പറഞ്ഞു.
സംഭവത്തെതുടർന്ന് ബാർ താൽക്കാലികമായി അടച്ചിടാൻ അധികൃതർക്ക് പൊലീസ് നിർദ്ദേശം നൽകി. ബാർ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് പരിശോധന നടത്തിയെങ്കിലും വെടിയുണ്ട കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വെടിയുതിർത്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഫോറൻസിക് സംഘം ബാറിൽ പരിശോധന നടത്തും.