തിരുവനന്തപുരം
സംഘപരിവാർ താൽപര്യത്തിനനുസരിച്ച് കേരളത്തിന്റെ നേട്ടങ്ങൾ അട്ടിമറിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ്ഖാന്റെ നടപടിയിൽ കോൺഗ്രസിലും യുഡിഎഫിലും കടുത്ത ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശനും ചെന്നിത്തലയും കെ സുധാകരനും ഗവർണറെ പിന്തുണച്ചപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെ മുരളീധരനും ഗവർണറെ തള്ളിപ്പറഞ്ഞു. യുഡിഎഫിലെ മുഖ്യഘടക കക്ഷിയായ മുസ്ലിംലീഗ് ഏക സ്വരത്തിൽ ഗവർണർക്കെതിരെ രംഗത്ത് വന്നു. സിഎംപിയും ആർഎസ്പിയും ഇതേ നിലപാടിലാണ്.
യുണിവേഴ്സിറ്റികളിലെ നിലവിലെ വിസിമാരെ പുറത്താക്കി സംഘപരിവാർ ബന്ധമുള്ളവരെ നിയമിക്കാനാണ് ഗവർണറുടെ ഗൂഢനീക്കം. ഇതിന് തുടക്കം മുതൽ കൂട്ടു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്ക് ശക്തമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അത് പാർടി നയമല്ലെന്നു പറഞ്ഞ് തിരുത്തി. ഒമ്പത് സർവകലാശാലയുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തീട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും കെ സി വേണുഗോപാൽ തുറന്നടിച്ചു. ഇതിനു പിന്നാലെ സതീശൻ വീണ്ടും നിലപാട് ആവർത്തിച്ചു.
വി ഡി സതീശന്റെ അഭിപ്രായം കെ മുരളീധരൻ എംപി പരസ്യമായി തള്ളി. ഗവർണറുടെ കാവിവൽക്കരണ നയം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സതീശന്റെ വാദം ശരിയല്ലെന്ന് മുരളീധരൻ വ്യക്തമാക്കിയത്. ഗവർണർമാരുടെ അനാവശ്യ ഇടപെടൽമൂലം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. വേണുഗോപാൽ പറഞ്ഞതാണ് പാർടിയുടെ നയമെന്നും കെ മുരളീധരൻ പറഞ്ഞു.
സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അംഗീകരിക്കില്ലെന്ന നിലപാട് മുസ്ലിംലീഗ് പരസ്യമായി ആവർത്തിച്ചു. ഇപ്പോഴുള്ള വിസിമാരെ മാറ്റി ആരെയൊക്കെ വയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അറിയാമെന്നും ലീഗ് വ്യക്തമാക്കി.