തിരുവനന്തപുരം
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണം ചർച്ച ചെയ്യുന്ന ദ്വിദിന കൊളോക്വിയത്തിന് ചൊവ്വാഴ്ച തുടക്കം. സർവകലാശാല നിയമപരിഷ്കരണ കമീഷൻ, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ, പരീക്ഷ പരിഷ്കരണ കമീഷൻ എന്നീ വിദഗ്ധ കമീഷനുകളുടെ റിപ്പോർട്ടുകളിൽ അഭിപ്രായം തേടാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് കൊളോക്വിയം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജവാഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊളോക്വിയം ഉദ്ഘാടനംചെയ്തു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി.
കമീഷൻ റിപ്പോർട്ടുകളിൽ അധ്യാപക, -അനധ്യാപക, -വിദ്യാർഥി പ്രതിനിധികളുമായും സംസ്ഥാന സർവകലാശാലകളുമായും പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ, ഗവേഷകർ, മാനേജ്മെന്റുകൾ എന്നിവരുടെ പ്രതിനിധികളിൽനിന്നും ഉന്നതവിദ്യാഭ്യാസ വിചക്ഷണരിൽനിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കാനാണ് കൊളോക്വിയം ചേരുന്നത്.
കമീഷൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനകംതന്നെ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. -പ്രോജക്ട് മോഡ് കോഴ്സുകൾ, കരിക്കുലം പരിഷ്കരണം തുടങ്ങിയവ ഇതിൽപ്പെടും.
നിയമപരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. എൻ കെ ജയകുമാർ, പരീക്ഷാ പരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. സി ടി അരവിന്ദകുമാർ, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ചെയർമാൻ പ്രൊഫ. സാബു അബ്ദുൾ ഹമീദ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസി പ്രൊഫ. എം വി നാരായണൻ, കേരള സർവകലാശാല മുൻ വിസി വി പി മഹാദേവൻ പിള്ള, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് എന്നിവരും സംസാരിച്ചു. ഉച്ചയ്ക്കുശേഷം സർവകലാശാലകളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒരു വേദിയിലും അധ്യാപകരും വിദ്യാർഥികളും ഗവേഷകരും പ്രിൻസിപ്പൽമാരും മാനേജ്മെന്റ് പ്രതിനിധികളും മറ്റൊരു വേദിയിലും അനധ്യാപക ജീവനക്കാരുടെ പ്രതിനിധികൾ മൂന്നാമതൊരു വേദിയിലുമായി ചർച്ചയിൽ പങ്കാളികളായി.രണ്ടാം ദിവസമായ ബുധൻ രാവിലെ 9.30ന് ചർച്ച പുനരാരംഭിക്കും. പകൽ 12ന് സമാപന സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു പ്രഭാഷണം നടത്തും.