തിരുവനന്തപുരം
വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. സംസ്ഥാനത്തെമ്പാടും ബുധനാഴ്ചയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണമെന്നും കൺവീനർ ഇ പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം വലിയ കുതിപ്പിലാണ്. നമ്മുടെ സർവകലാശാലകൾ നാക് പരിശോധനയിൽ മികച്ച നേട്ടം കൊയ്തത് ഇതിന് തെളിവാണ്. എൽഡിഎഫ് സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മൂന്ന് കമീഷനുകൾ നിയോഗിച്ചു. ഇവ മുന്നോട്ടുവച്ച ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഈ ഘട്ടത്തിലാണ് വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസമേഖല കൈപ്പിടിയിലാക്കാനുള്ള സംഘപരിവാർ അജൻഡ കേരളം ശക്തമായി പ്രതിരോധിക്കുകയാണ്. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. ഇതിനെ തടയിടാനാണ് ആർഎസ്എസ് തീട്ടൂരങ്ങൾക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ഇല്ലാത്ത അധികാരപ്രയോഗം അനുവദിക്കാനാകില്ല. നാടിനായി വിശാലമായ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടുവരുമെന്നും ഇ പി ജയരാജൻ പറഞ്ഞു.