ന്യൂഡൽഹി
സംഘപരിവാർ പരീക്ഷണശാലയായ ഗുജറാത്ത് അടക്കം ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളിലും വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് കാര്യമായ പങ്കില്ല. ഗുജറാത്തിൽ മുഖ്യമന്ത്രിയാണ് വൈസ് ചാൻസിലറെ നിയമിക്കുന്നത്. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന മൂന്നു പേരിൽനിന്ന് സംസ്ഥാന സർക്കാർ ഒരാളെ തെരഞ്ഞെടുത്ത് വിസിയായി നിയമിക്കുമെന്നാണ് ഗുജറാത്ത് സർവകലാശാല നിയമത്തിൽ പറയുന്നത്. ഗവർണർക്ക് ഒരു ഇടപെടലും സാധ്യമല്ല.
മധ്യപ്രദേശ്, കർണാടകം, ഹിമാചൽ, ഹരിയാന, ത്രിപുര എന്നീ ബിജെപി ഭരണ സംസ്ഥാനങ്ങളിലും വിസി നിയമനത്തിൽ സർക്കാരുകൾക്കാണ് അധികാരം. ഈ സംസ്ഥാനങ്ങളിലെല്ലാം സർക്കാരുമായി കൂടിയാലോചിച്ചുവേണം ചാൻസലർ വിസിയെ നിയമിക്കേണ്ടത്. ആന്ധ്ര, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും സർക്കാരാണ് വിസിമാരെ തീരുമാനിക്കുക. പഞ്ചാബിലെ പഞ്ചാബി സർവകലാശാല, കൊൽക്കത്തയിലെ കൽക്കട്ട സർവകലാശാല, ഹിമാചലിലെ ഷിംല സർവകലാശാല എന്നിവിടങ്ങളിലും സംസ്ഥാന സർക്കാരിന്റെ സമ്മതത്തോടെ ചാൻസലർ വിസിയെ നിയമിക്കണമെന്നാണ് ചട്ടം.
ആന്ധ്രയിലും തെലങ്കാനയിലും ഗുജറാത്തിലേതിനു സമാനമായ രീതിയിലാണ് വിസി നിയമനം. സെർച്ച് കമ്മിറ്റി മൂന്നു പേരുകൾ സർക്കാരിന് നിർദേശിക്കും. ഇതിൽനിന്ന് ഒരാളെ സർക്കാർ വിസിയായി നിയമിക്കും. കർണാടകത്തിൽ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകുന്നത് സംസ്ഥാന സർക്കാരാണ്. സെർച്ച് കമ്മിറ്റി മൂന്നു പേര് സർക്കാരിന് നൽകും. ഈ പട്ടിക ചാൻസലറായ ഗവർണർക്ക് കൈമാറും. സർക്കാരിന്റെകൂടി സമ്മതത്തോടെ ഈ പട്ടികയിൽനിന്ന് ഒരാളെ വിസിയായി നിയമിക്കും.
കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണർമാർ തങ്ങൾക്ക് താൽപ്പര്യമുള്ളവരെ വിസിമാരായി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് ബംഗാൾ, തമിഴ്നാട്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തമിഴ്നാട്ടിൽ വിസി നിയമനത്തിനുള്ള അധികാരം ഗവർണറിൽനിന്ന് എടുത്തുമാറ്റിയുള്ള ബിൽ പാസാക്കി. എന്നാൽ ഗവർണർ ഒപ്പുവച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ ഭരണത്തിലുള്ളപ്പോഴും സമാനമായ ബിൽ കൊണ്ടുവന്നു. എന്നാൽ, ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിക്ക് അയച്ചു. ബിജെപി പിന്തുണയോടെ ഭരണത്തിലെത്തിയ ഏക്നാഥ് ഷിൻഡെ സർക്കാർ ഈ ബിൽ പിൻവലിച്ചു.