തിരുവനന്തപുരം
ചാൻസലറായി ഗവർണർ തുടരട്ടെയെന്ന സർവകലാശാല നിയമ പരിഷ്കരണ കമീഷൻ ശുപാർശ പുതിയ സാഹചര്യത്തിൽ മാറ്റണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കമീഷൻ ചെയർമാൻ പ്രൊഫ. എൻ കെ ജയകുമാർ. ഗവർണർ കാണിക്കുന്ന അമിതാവേശംതന്നെയാണ് കാരണം. സർവകലാശാലകളുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച്, വൈസ് ചാൻസലർമാരുടെ സംരക്ഷകനായി നിലകൊള്ളേണ്ട ചാൻസലർ വിസിമാരെ ഗുണ്ടകളെന്ന് അധിക്ഷേപിച്ച് രാജിവയ്ക്കാൻ ഉത്തരവിടുകയാണ്. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലാ നിയമവും ചട്ടങ്ങളും റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളയണമെന്നും ശുപാർശയിലുണ്ട്. സുപ്രീംകോടതി വിധികൾ ഗവർണർ ഇടയ്ക്കിടെ മാധ്യമങ്ങൾക്കു മുന്നിൽ ഉദ്ധരിക്കാറുണ്ട്. അതിൽ പലതും ഹർജിക്കാരൻ പറയുന്നവ വിധിന്യായത്തിൽ എടുത്തുപറയുന്നതാണ്. അവയെല്ലാം സുപ്രീംകോടതി വിധിയായി അവതരിപ്പിക്കാനാകില്ല. വൈസ് ചാൻസലർ പദവിയെ തരംതാഴ്ത്താൻ ചാൻസലർ തയ്യാറായത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ജയകുമാർ പറഞ്ഞു.