പാലക്കാട്
ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ മോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റ ഭരണപരമായ ഒരു കാര്യത്തിലും ചാൻസലർക്ക് ഇടപെടാനാവില്ല. സുപ്രീംകോടതിവിധിയുടെ പേരിൽ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്ന ഗവർണർ ചാൻസലർ എന്ന നിലയിൽ ജുഡീഷ്യറിയേയും അപമാനിക്കുകയാണ്. ഉത്തരം താങ്ങുന്നത് താനാണ് എന്ന് കരുതരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെടിയു വൈസ് ചാൻസലർക്ക് അക്കാദമിക് യോഗ്യതയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. നടപടിക്രമം സംബന്ധിച്ച പ്രശ്നമാണ് ചൂണ്ടിക്കാണിച്ചത്. വിധിയിൽ പുനഃപരിശോധന ഹർജി നൽകാൻ ഇനിയും അവസരവുമുണ്ട്. എന്നാൽ, സംസ്ഥാനത്തെ സർവകലാശാലാ ഭരണമാകെ അസ്ഥിരപ്പെടുത്താൻ ഈ സാഹചര്യം ഉപയോഗിക്കുകയാണ് ചാൻസലറായ ഗവർണർ. ഒമ്പത് സർവകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. നിയമനങ്ങൾ ചട്ടവിരുദ്ധമാണെങ്കിൽ പ്രാഥമിക ഉത്തരവാദിത്വം ഗവർണർക്കാണ്.
യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. സർവകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. പ്രത്യേകവിഷയത്തിൽ സുപ്രീംകോടതി എടുത്ത തീർപ്പ് എല്ലാ സർവകലാശാലകളിലും പ്രയോഗിക്കാൻ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ അധികാരങ്ങൾ സ്വയം കൈയാളാനുള്ള ശ്രമമാണ്. ചാൻസലർ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിർദേശങ്ങൾ നൽകുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാൻസലർക്കില്ല. നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓർഡിനൻസുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന ഗവർണറുടെ നിലപാടിൽ പ്രതിഷേധിക്കുന്നതായും – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാർക്ക് ഗവർണർ
മാർക്കിടേണ്ട
മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാർക്കിടാൻ ഗവർണർമാർക്ക് ആരും അധികാരം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒരു വൈസ് ചാൻസലറുടെ ശാസ്ത്രമേഖലയിലെ ഭാഷാപരിജ്ഞാനത്തെ ഗവർണർ രൂക്ഷമായി പരിഹസിച്ചു. മറ്റൊരു വൈസ് ചാൻസലറെ ക്രിമിനലെന്ന് വിളിച്ചു. അറിയപ്പെടുന്ന രാജ്യം ആദരിക്കുന്ന അക്കാദമിക് പണ്ഡിതനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചു. അങ്ങനെയുള്ള മഹനീയവ്യക്തിത്വം മന്ത്രിമാരെയും അധിക്ഷേപിക്കാൻ മടിക്കില്ല. അതിൽ ആശ്ചര്യമൊന്നുമില്ല. എന്നാൽ, ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത് എന്നതിനാൽ ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന് എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിമാർക്കു മുകളിൽ തനിക്കുള്ള ‘പ്രീതി’ പിൻവലിക്കും എന്നു പറഞ്ഞ് ഗവർണറുടെ പിആർഒ ട്വീറ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഗവർണർ മന്ത്രിമാരെ ക്യാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശയിലാണ്. നിയമസഭയിൽ ജനങ്ങൾ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷമുള്ള കക്ഷിയാണ് അധികാരത്തിലിരിക്കുക. ഇവരുടെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവർ രാജി നൽകുന്നതും മുഖ്യമന്ത്രിക്കുതന്നെ. ഇത്തരം രാജി ശുപാർശ ഗവർണർക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരങ്ങളില്ല. ട്വീറ്റിനെച്ചൊല്ലി വിമർശങ്ങൾ ഉയർന്നപ്പോൾ ‘പ്രീതി’ പിൻവലിച്ചാലും മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാമെന്ന് പ്രസ്താവനയിറക്കി. ഇത് ‘പ്രീതി’ തത്വം എന്താണെന്നതിനെക്കുറിച്ചുള്ള സാമാന്യധാരണയ്ക്കുപോലും അനുസൃതമല്ലെന്നും അദ്ദേഹം പറഞ്ഞു.