തിരുവനന്തപുരം
ധൂർത്തിന്റെ കേന്ദ്രമായ രാജ്ഭവന്റെ വഴിവിട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിലെ കാലതാമസവും സർക്കാരിനെതിരായ ഗവർണറുടെ കോപത്തിന് കാരണമായി. കേട്ടുകേൾവിയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് ഗവർണർക്കും പരിവാരങ്ങൾക്കുമായി സംസ്ഥാനം വഹിക്കുന്നത്. പുറമെ വഴിവിട്ട നിയമനങ്ങളും സ്വന്തക്കാരുടെ സൽക്കാരച്ചെലവും.
ഗവർണറുടെ പിആർഒയുടെ പുനർനിയമനവും താൽക്കാലിക ഫോട്ടോഗ്രാഫറുടെ സ്ഥിരപ്പെടുത്തലും ഉറപ്പാക്കാനായി നയപ്രഖ്യാപന പ്രസംഗത്തിന് ഉടക്കിട്ടു. തുടർന്ന്, രാജ്ഭവനിൽ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച വെയ്റ്റർ, സ്വീപ്പർ, ഫീമെയിൽ അറ്റൻഡന്റ്, ടെലിഫോൺ ഓപ്പറേറ്റർ തുടങ്ങീ 20 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്നായി ആവശ്യം. രാജ്ഭവനിൽ ഡെന്റൽ ക്ലിനിക് തുടങ്ങാൻ പത്തുലക്ഷം രൂപ അനുവദിക്കണമെന്നതടക്കമുള്ള അനാവശ്യങ്ങൾ സർക്കാർ മാറ്റിവച്ചു. ഇതാണ് വൈസ് ചാൻസലർമാരുടെ നേരെ തിരിയാനുള്ള അടിയന്തര കാരണം.
പകുതിയും
പിൻവാതിൽ നിയമനം
രാജ്ഭവനിൽ ജോലി ചെയ്യുന്നത് 144 പേർ. ഇതിൽ 74 പേരും താൽക്കാലിക നിയമനം ലഭിച്ചവർ. ഇതെല്ലാം പിൻവാതിൽ നിയമനമാണ്. ഇഷ്ടക്കാരെയും ആർഎസ്എസിന്റെയും ബിജെപിയുടെയും ശുപാർശയുള്ളവരെയും രാജ്ഭവനിൽ കുത്തിനിറയ്ക്കുന്നു. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം സംസ്ഥാനം വഹിക്കണം. ഇതിനുപുറമെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ. വർഷത്തിൽ ശരാശരി നൂറിൽ താഴെ ഫയൽ കൈകാര്യം ചെയ്യാനാണ് 144 പേഴ്സണൽ സ്റ്റാഫ്.
വർഷം ചെലവ് 12.70 കോടി
രാജ്ഭവൻ ചെലവുകൾക്കായി ഈവർഷം നൽകേണ്ടത് 12.70 കോടി രൂപ. സംസ്ഥാനം സാമ്പത്തികമായി ഞെരുങ്ങുമ്പോഴും രാജ്ഭവൻ ചെലവ് കുതിക്കുന്നു. ഗവർണറുടെ ശമ്പളവും ആനുകൂല്യങ്ങളും 42 ലക്ഷം രൂപയാണ്. വീട്ടുച്ചെലവിന് 4.75 കോടി. വാഹന അറ്റകുറ്റപ്പണികൾക്ക് 3.80 ലക്ഷം. പെട്രോളിന് 8.8 ലക്ഷവും. ഈവർഷത്തെ വിമാനക്കൂലി ചെലവ് 12 ലക്ഷം കവിയും. അതേസമയം ചൊവ്വാഴ്ച ഗവർണർ ഡൽഹിക്ക് തിരിച്ചു നവംബർ നാലിനെ മടങ്ങിയെത്തൂ.
ഇഷ്ടദാനത്തിന് 25 ലക്ഷം
ഗവർണർക്ക് ദാനം ചെയ്യാൻ സർക്കാർ നൽകേണ്ടത് 25 ലക്ഷം രൂപ. 2020–- 21ൽ ഇത്തരത്തിൽ നൽകിയത് 13.5 ലക്ഷം രൂപയും.
അതിഥിച്ചെലവ് വേറെ
നാട്ടിൽനിന്നും മറ്റും ഗവർണറെ കാണാൻ എത്തുന്നവരുടെ ചെലവും സംസ്ഥാനം വഹിക്കണം. നൂറുകണക്കിനാളുകളാണ് ‘അതിഥി’കൾ. എത്തുന്നവർക്കെല്ലാം വാഹനവും ഭക്ഷണവും താമസവുമൊക്കെ സംസ്ഥാനം ഒരുക്കണം. പുതുവത്സരാഘോഷത്തിന് കോവളത്ത് എത്തിയത് അമ്പതിൽപ്പരം പേർ. സർക്കാർ ഗസ്റ്റ് ഹൗസ് ഇവർ കൈയടക്കി.
രാജ്ഭവൻ ചെലവിന്
നിയന്ത്രണമില്ല
കൈയുംകണക്കുമില്ലാത്ത ചെലവിൽ ഓഡിറ്റിങ്ങിനുള്ള അവകാശംപോലും സംസ്ഥാന സർക്കാരിനില്ല. ചെലവാക്കിയെന്ന് പറയുന്നത് കൊടുക്കുകമാത്രം. രാജ്ഭവൻ ചെലവിന് നിയമസഭയുടെ ചർച്ചയും വോട്ടെടുപ്പും വേണ്ട. ട്രഷറിയിൽ ബിൽ പാസാക്കുന്ന ജോലിമാത്രം സർക്കാരിന്. ധനവിനിയോഗം ഒരുതരം പരിശോധനയ്ക്കും വിധേയമാകുന്നില്ല.