നൗകാമ്പ്
ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയിൽ ഇന്ന് തീരുമാനമാകും. കരുത്തരായ ബയേൺ മ്യൂണിക്കുമായാണ് ബാഴ്സയുടെ മത്സരം. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഇന്റർ മിലാനും വിക്ടോറിയ പ്ലെസെനും ഏറ്റുമുട്ടും. ഇന്റർ ജയിച്ചാൽ ബയേണുമായുള്ള കളിക്കുമുമ്പുതന്നെ ബാഴ്സ നോക്കൗട്ട് കാണാതെ പുറത്താകും. തുടർച്ചയായ രണ്ടാംസീസണിലും യൂറോപയിൽ കളിക്കേണ്ടിവരും. ഗ്രൂപ്പ് സിയിൽ നാല് കളിയിൽ നാല് പോയിന്റുമായി മൂന്നാമതാണ് ബാഴ്സ. ഇന്ററിന് നാലും ബയേണിന് 12 പോയിന്റുമാണ്. വിക്ടോറിയ എല്ലാ കളിയും തോറ്റു.
ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇന്റർ–-വിക്ടോറിയ മത്സരം. ബാഴ്സ–-ബയേൺ പോരാട്ടം രാത്രി 12.30നും. ഇന്ററിനെ വിക്ടോറിയ തോൽപ്പിച്ചാൽ ബാഴ്സയ്ക്ക് പ്രതീക്ഷയോടെ ബയേണിനെ നേരിടാനാകും. ബയേണിനെ മറികടക്കുക എന്നത് സാവിയുടെ സംഘത്തിന് കഠിനമായിരിക്കും. ആദ്യപാദത്തിൽ തോൽവിയായിരുന്നു ഫലം. ഇക്കുറി സ്വന്തം തട്ടകത്തിലാണ് ബാഴ്സയ്ക്ക് കളി. ടോട്ടനം ഹോട്സ്പർ– സ്പോർടിങ്, അത്ലറ്റികോ മാഡ്രിഡ്–ബയേർ ലെവർകൂസൻ, അയാക്സ്– ലിവർപൂൾ മത്സരങ്ങളും ഇന്ന് നടക്കും.















