കോയമ്പത്തൂർ
കോയമ്പത്തൂർ ഉക്കടത്ത് കാറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. ഭീകരബന്ധമുണ്ടെന്ന സംശയത്തെതുടർന്നാണിത്. യുഎപിഎ പ്രകാരം കേസെടുത്തു. ചാവേർ ആക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെ നാലിന് കോട്ടമേട് ക്ഷേത്രത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ കാറോടിച്ചിരുന്ന ജമേഷ മുബീൻ (25) കൊല്ലപ്പെട്ടിരുന്നു. 2019ൽ ഐഎസ് ബന്ധം സംശയിച്ച് ഉക്കടം സ്വദേശിയും എൻജിനിയറിങ് ബിരുദധാരിയുമായ ജമേഷ മുബീനെ എൻഐഎ ചോദ്യംചെയ്തിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജമേഷ മുബീനുമായി അടുത്ത ബന്ധമുള്ള ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായിൽ, ബ്രയിസ് ഇസ്മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് പിടിയിലായത്. മാരുതി 800 പെട്രോള് കാറിൽ തുറന്നനിലയിൽ കരുതിയ രണ്ട് സിലിണ്ടറുകുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്.
ജമേഷ മുബീനിന്റെ വീട്ടിൽനിന്നും സ്ഫോടകവസ്തുക്കൾ കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇയാളുടെ വീട്ടിൽനിന്ന് 75 കിലോ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.ഐഎസ് ബന്ധത്തെ തുടർന്ന് കേരളത്തിൽ തടവിലുള്ള മുഹമ്മദ് അസ്ഹറുദീനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.