തിരുവനന്തപുരം
കേരളം ലഹരിയുടെ കേന്ദ്രമെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ പ്രചാരണം പച്ചക്കള്ളം. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ലഹരി ഉപയോഗരീതി സംബന്ധിച്ച സർവേയിലുൾപ്പെടെ ഉത്തർപ്രദേശാണ് ലഹരികളുടെ കേന്ദ്രമെന്ന് വ്യക്തം. നാഷണൽ ഡ്രഗ് ഡിപ്പൻഡന്റ്സ് ട്രീറ്റ്മെന്റ് സെന്റർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഗവർണറുടെ ജന്മനാടുൾക്കൊള്ളുന്ന യുപിക്ക് ഈ പട്ടം ചാർത്തിക്കിട്ടിയത്. ഇതൊക്കെ ബോധപൂർവം മറച്ചുവച്ചാണ് രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഗവർണറുടെ കുപ്രചാരണം.
രാജ്യത്തെ 10- മുതൽ 75വരെ പ്രായക്കാരിൽ 14.6 ശതമാനം പേർ മദ്യപിക്കുന്നു. ഇതിൽ 27.3 ശതമാനം പുരുഷൻമാരാണ്. കേരളത്തിലിത് 12.4 ശതമാനവും പുരുഷൻമാരിൽ 29.3 ശതമാനവുമാണ് മദ്യപാനികൾ. മദ്യപരുടെ എണ്ണത്തിൽ ആദ്യ 20 സംസ്ഥാനത്തിൽ കേരളമില്ല. ചികിത്സ ആവശ്യമായ നിലയിൽ മദ്യപിക്കുന്നവരുടെ എണ്ണത്തിലും ആദ്യ പത്തിൽ കേരളമില്ല. ഒന്നാമതാകട്ടെ യുപിയും. ആന്ധ്ര, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെയാണ് ആദ്യ സ്ഥാനക്കാർ. അമിത മദ്യാസക്തിക്കാരിലും കേരളം വളരെ പിന്നിലാണ്.
ഇതേ പ്രായപരിധിയിൽ ചരസും കഞ്ചാവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരും യുപിയിലാണ്. ജനസംഖ്യയുടെ 3.2 ശതമാനം. കേരളത്തിലിത് 0.1. കറുപ്പിന്റെ ഉപയോഗത്തിലും അപകടകാരിയായ, കുത്തിവയ്പുവഴിയുള്ള ലഹരി ഉപയോഗിക്കുന്നവരുടെ കണക്കെടുത്താലും മുന്നിൽ യുപിയാണ്. പെട്ടിക്കടകളിലുൾപ്പെടെ ഭാംഗ് എന്ന ലഹരിവസ്തു യുപിയിൽ സുലഭമാണ്.
വെറും വാക്കല്ല, സേ നോ ടു ഡ്രഗ്സ്
സ്ഥിതിവിവരക്കണക്കുകൾവച്ച് ഭീഷണിയില്ലെന്ന നിലപാടിലല്ല കേരളം. ലഹരിയിലേക്കുള്ള വഴികളെല്ലാം അടയ്ക്കാനുള്ള ബോധപൂർവമായ ഇടപെടലാണ് നടത്തുന്നത്. ഇതിനൊപ്പം നാടാകെ ചേർന്നു. സമൂഹമാകെ ഒറ്റക്കെട്ടായി ലഹരിക്കെതിരായ പട നയിക്കുന്നു. ഒരുമയിലൂടെ ചരിത്രത്തിന്റ ഭാഗമാകാവുന്ന പ്രതിരോധ, പ്രചാരണ പരിപാടികൾ ഏറ്റെടുക്കുന്നു. ഈ ചരിത്രനിയോഗത്തിന്റെ ഭാഗമാകാനുള്ള ക്ഷണത്തെ ഇരിക്കുന്ന പദവിയുടെ മഹത്വവും മറന്ന് നിരസിക്കുകയായിരുന്നു ഗവർണർ.