പെർത്ത്
മാർകസ് സ്റ്റോയിനിസിന്റെ മിന്നും ബാറ്റിങ്ങിൽ ശ്രീലങ്ക എരിഞ്ഞു. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ ലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 18 പന്തിൽ ആറ് സിക്സറും നാല് ഫോറും ഉൾപ്പെടെ പുറത്താകാതെ 59 റണ്ണാണ് സ്റ്റോയിനിസ് നേടിയത്. ഓസ്ട്രേലിയക്കായി ഏറ്റവും വേഗമേറിയ അരസെഞ്ചുറിയടിക്കുന്ന താരവുമായി. 17 പന്തിലാണ് 50. ആദ്യകളിയിൽ ന്യൂസിലൻഡിനോട് തകർന്നടിഞ്ഞ ഓസീസ് തകർപ്പൻ ജയത്തോടെ സെമിസാധ്യത സജീവമാക്കി.
സ്കോർ: ശ്രീലങ്ക 6–-157, ഓസ്ട്രേലിയ 3–-158 (16.3)
ഗ്ലെൻ മാക്സ്വെൽ (12 പന്തിൽ 23) പുറത്തായശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് ലങ്കയുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി. അതുവരെ ഓസീസ് ബാറ്റർമാരെ സമ്മർദത്തിലാക്കാൻ കഴിഞ്ഞിരുന്നു ദ്വീപ് ബൗളർമാർക്ക്. എന്നാൽ, മുപ്പത്തിമൂന്നുകാരൻ ഓസ്ട്രേലിയയുടെ എല്ലാ പതർച്ചയും മാറ്റി. 15–-ാംഓവറിൽ വണിന്ദു ഹസരങ്കയെ സിക്സർ പായിച്ചാണ് തുടങ്ങിയത്. തൊട്ടടുത്ത പന്തിൽ ഫോർ. പിന്നാലെ അടുത്ത സിക്സറും. പിന്നീട് തിരിഞ്ഞുനോക്കിയില്ല.
മഹീഷ് തീക്ഷണയും ലാഹിരു കുമാരയും ആ ബാറ്റിന്റെ ചൂടറിഞ്ഞു. ആരോൺ ഫിഞ്ച് (42 പന്തിൽ 31*) പുറത്തായില്ല. ഡേവിഡ് വാർണർക്കും (11) മിച്ചെൽ മാർഷിനും (18) തിളങ്ങാനായില്ല. പതും നിസങ്കയും (45പന്തിൽ 40) ചരിത് അസലങ്കയുമാണ് (25 പന്തിൽ 38) ലങ്കയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.ഗ്രൂപ്പ് ഒന്നിൽ ഓരോ ജയവുമായി ലങ്ക മൂന്നാമതും ഓസീസ് നാലാമതുമാണ്.ഓസീസ് 28ന് ഇംഗ്ലണ്ടിനെ നേരിടും. ശ്രീലങ്കയ്ക്ക് 29ന് ന്യൂസിലൻഡുമായാണ് അടുത്ത മത്സരം.