ഹൊബാർട്ട്
പേസ് ബൗളർമാരുടെ മികവിൽ ബംഗ്ലാദേശ് ഒമ്പത് റണ്ണിന് നെതർലൻഡ്സിനെ തോൽപ്പിച്ചു. ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് രണ്ടിൽ ജയത്തോടെ ബംഗ്ലാദേശ് ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടിന് 144 റണ്ണെടുത്തു. മറുപടിക്കെത്തിയ നെതർലൻഡ്സ് 135ന് പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ടസ്കിൻ അഹമ്മദാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പി.
നാലാമത്തെ ഓവറിൽ 15 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ നെതർലൻഡ്സിനെ 62 റണ്ണെടുത്ത കോളിൻ അക്കെർമാനാണ് കാത്തത്. അവസാനനിമിഷംവരെ പൊരുതിയെങ്കിലും അക്കെർമാന് ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. നെതർലൻഡ്സ് നിരയിൽ അക്കെർമാൻ ഉൾപ്പെടെ മൂന്നുപേരാണ് രണ്ടക്കം കണ്ടത്.
ടസ്കിൻ നാലോവറിൽ 25 റൺ മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. രണ്ട് വിക്കറ്റുമായി ഹസൻ മഹ്മൂദും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി 27 പന്തിൽ 38 റണ്ണെടുത്ത അഫീഫ് ഹുസൈൻ ആണ് ടോപ് സ്കോറർ. ഗ്രൂപ്പിൽ ഇന്ത്യയെ റൺനിരക്കിൽ മറികടന്നാണ് ബംഗ്ലാദേശ് ഒന്നാമതെത്തിയത്. നാളെ ദക്ഷിണാഫ്രിക്കയുമായാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.
മഴയിൽ കുതിർന്ന്
ദക്ഷിണാഫ്രിക്ക
ട്വന്റി 20 ലോകകപ്പിൽ ജയം കൊതിച്ചിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയായി മഴ. സിംബാബ്വെയുമായുള്ള കളി മഴകാരണം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ഒമ്പത് ഓവറാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 79 റണ്ണടിച്ചു. തുടർന്നും മഴയെത്തിയതോടെ ലക്ഷ്യം ഏഴോവറിൽ 54 റണ്ണാക്കി ചുരുക്കി.
അനായാസം മുന്നേറിയ ദക്ഷിണാഫ്രിക്ക മൂന്നോവറിൽ 51 റണ്ണെടുത്തുനിൽക്കേ ഒരിക്കൽക്കൂടി മഴ തടയുകയായിരുന്നു. പിന്നാലെ കളി ഉപേക്ഷിച്ചു. 18 പന്തിൽ 47 റണ്ണുമായി ക്വിന്റൺ ഡി കോക്കായിരുന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത്. സ്കോർ: സിംബാബ്വെ 5–-79 (9), ദ. ആഫ്രിക്ക 0–-51 (3). നാളെ ബംഗ്ലാദേശുമായാണ് ദക്ഷിണാഫ്രിക്കയുടെ അടുത്തമത്സരം. സിംബാബ്വെ വ്യാഴാഴ്ച പാകിസ്ഥാനെ നേരിടും.
മുന്നേറാൻ
ഇംഗ്ലണ്ട്,
ന്യൂസിലൻഡ്
സൂപ്പർ 12ൽ തുടർച്ചയായ രണ്ടാംജയം തേടി കരുത്തരായ ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്നിറങ്ങും. ഇംഗ്ലണ്ടിന് അയൽക്കാരായ അയർലൻഡാണ് എതിരാളി. അഫ്ഗാനിസ്ഥാനെ തകർത്താണ് ഇംഗ്ലണ്ട് എത്തുന്നത്. ആദ്യമത്സരത്തിൽ ഓസ്ട്രേലിയയെ 89 റണ്ണിന് മുക്കിയ ന്യൂസിലൻഡാകട്ടെ അഫ്ഗാനെ നേരിടും.