റിയാദ് > എണ്ണയ്ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് സൗദി അറേബ്യയെന്നും അതിന്റെ ഉത്തരവാദിത്തങ്ങളിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ.
ഊർജപ്രതിസന്ധിക്കുള്ള പരിഹാരം ഒരു രാജ്യത്തുനിന്നല്ല വരേണ്ടതെന്നും ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സംരംഭത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിലേക്കുള്ള അരാംകോയുടെ കയറ്റുമതി 4,90,000 ബാരലിൽ നിന്ന് 9,50,000 ആയി ഉയർന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ഞങ്ങൾ നിരവധി യൂറോപ്യൻ സർക്കാരുകളുമായി ആശയവിനിമയം നടത്തുകയാണ് എന്നും അതോടൊപ്പം അമേരിക്കയുമായുള്ള പിരിമുറുക്കത്തിൽ ഞങ്ങൾ “പക്വതയുള്ളവരാകാൻ” തീരുമാനിച്ചു എന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
ഈ വർഷത്തെ സാമ്പത്തിക വളർച്ചയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി സാമ്പത്തിക മന്ത്രിയും വ്യക്തമാക്കി. ഇന്ന് റിയാദിൽ നടന്ന “ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ്” സംരംഭത്തിൽ പങ്കെടുത്ത വേളയിൽ ആണ് സാമ്പത്തിക മന്ത്രി ഫൈസൽ അൽ-ഇബ്രാഹിം ഇങ്ങനെ പറഞ്ഞത്.
പുതിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിൽ നിക്ഷേപ ഫണ്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നും “സൗദി സോവറിൻ ഫണ്ട് വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യകളിൽ ധീരമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ധാരാളം നിക്ഷേപ അവസരങ്ങളുണ്ട്, സുസ്ഥിര വികസനത്തിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും സാമ്പത്തിക മന്ത്രി പറഞ്ഞു.