മറയൂർ> മറയൂരിലെ കുരങ്ങുസുന്ദരിമാർ മുഖകാന്തിക്കായി സിന്ദൂരമിട്ട് മിനുങ്ങുന്നു. മനുഷ്യരുമായി അടുപ്പമുള്ള നാടൻകുരങ്ങ് അഥവാ തൊപ്പിക്കുരങ്ങ് ഇനത്തിലുള്ള(ബോണറ്റ് മെക്കാക്) എന്ന് വിളിക്കുന്ന കുരങ്ങുകളാണ് കുരങ്ങ് മഞ്ഞൾ സിന്ദൂരം എന്ന പേരിലുള്ള മരത്തിന്റെ കായും തളിരും തേച്ച് സുന്ദരിമാരാകുന്നത്. ഇളം ചുവപ്പ് മുഖവുമായേ വാനരക്കൂട്ടത്തിലെ പെൺകുരങ്ങുകളെ ഇപ്പോൾ കാണാനാവൂ.
‘കുരങ്ങ് മഞ്ഞൾ സിന്ദൂരം’ മരങ്ങൾ ഇപ്പോൾ ഇവരുടെ ബ്യൂട്ടി ക്ലിനിക്കുകളായി മാറി. കടുംപച്ച നിറമുള്ള ഇലകൾ തിങ്ങിനിറഞ്ഞ മരം നിറയെ കുരുമുളകിന് സമാനമായ ചുവപ്പ് നിറത്തിലുള്ള കായ്കളാണുള്ളത്. കുരങ്ങുകൾ കൂട്ടമായെത്തി ഈ മരത്തിന്റെ ചെറുതളിരിലയും ചായവും പറിച്ചെടുത്ത് പരസ്പരം മുഖത്ത്തേച്ച് കൊടുക്കുന്നത് കണ്ടെത്തിയത് പ്രദേശവാസികളാണ്. കൂടുതലായും പെൺകുരങ്ങുകളാണ് ഇവയുടെ കായ്കൾ ഉപയോഗിക്കുന്നത്. കൈയിലും മുഖത്തുമെല്ലാം ഇവർ ഇതുപുരട്ടുന്നതും കൗതുകമാണ്. മരത്തിന്റെ കായ്കൾക്ക് കുരങ്ങിന്റെ മുഖരൂപസാദൃശ്യമുള്ളതിനാലാണ് കുരങ്ങ് മഞ്ഞൾസിന്ദൂരം എന്ന പേര് വന്നതത്രെ.
സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരമുള്ള മറയൂർ മലനിരകളിലാണ് ‘മലോട്ടസ് ഫിലിപ്പൻസിസ്’എന്ന പേരിൽ അറിയപ്പെടുന്ന നിത്യഹരിത മരമായ ‘കുരങ്ങ് മഞ്ഞൾ സിന്ദൂരം’ കാണപ്പെടുന്നത്. കുങ്കുമ പൂമരം, ചെങ്കൊല്ലി, സിന്ദൂരി എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടാറുണ്ട്. നാടൻ കുരങ്ങുകൾ മാത്രമല്ല ചന്ദനവനത്തിനുള്ളിൽനിന്ന് ഹനുമാൻ കുരങ്ങ്, കരിങ്കുരങ്ങ് തുടങ്ങിയവയും ‘കുരങ്ങ് മഞ്ഞൾ സിന്ദൂരം’ തേടിയെത്താറുണ്ട്.