തിരുവനന്തപുരം> സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽനിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരള സ്മോൾ സ്കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്.
ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിൾ ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽനിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തേ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോൽപ്പന്നങ്ങളിൽ നിന്ന് മദ്യം നിർമിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യൂണിറ്റുകൾക്ക് അപേക്ഷിക്കാം
വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള യൂണിറ്റുകൾ ആരംഭിക്കാൻ കർഷകർക്ക് അപേക്ഷിക്കാം. പക്ഷേ ഉൽപ്പാദിപ്പിക്കുന്ന മദ്യം മുഴുവൻ ബീവറേജസ് കോർപറേഷന് കൈമാറണം. സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമായിരിക്കും വിതരണം.