മാറഡോണയെക്കുറിച്ച് പറയാതെ ലോകകപ്പിനെക്കുറിച്ചും അർജന്റീനയെക്കുറിച്ചുമുള്ള ചരിത്രം അപൂർണമാണ്. ‘ദൈവത്തിന്റെ കൈ’ ഗോളും നൂറ്റാണ്ടിന്റെ ഗോളും എക്കാലത്തും വാഴ്ത്തപ്പെടുന്നു. മാറഡോണയില്ലാത്ത ആദ്യ ലോകകപ്പാണിത്. 2020 നവംബർ 25നായിരുന്നു മരണം. രണ്ടാംവർഷത്തെ ഓർമക്കാലത്താണ് ലോകകപ്പിന് കിക്കോഫ്. പതിനെട്ടാംതവണയാണ് അർജന്റീന ലോകകപ്പിന് എത്തുന്നത്. 1978ലും 1986ലും ജേതാക്കളായി. മാറഡോണയാണ് അവസാനമായി ലോകകപ്പ് നേടിയ നായകൻ. മൂന്നുതവണ റണ്ണറപ്പായി (1930, 1990, 2014). കഴിഞ്ഞതവണ റഷ്യയിൽ കഷ്ടിച്ചാണ് ഗ്രൂപ്പ് ഘട്ടം കടന്നത്. പ്രീ ക്വാർട്ടറിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് തോറ്റു.
ലാറ്റിനമേരിക്കൻ യോഗ്യതയിൽ ബ്രസീലിനുപിന്നിൽ രണ്ടാമതായിരുന്നു. 17 കളിയിൽ 11 ജയം ആറ് സമനില. 27 ഗോളടിച്ചു. എട്ടെണ്ണം തിരിച്ചുവാങ്ങി. ബ്രസീലുമായുള്ള ഒരുകളി സമനില. മറ്റൊന്ന് ഉപേക്ഷിച്ചു. യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസിയും ലൗതാരോ മാർട്ടിനസും ഏഴ് ഗോളടിച്ചു. അഞ്ചാമത്തെ ലോകപ്പിനെത്തുന്ന മെസിയിലാണ് എല്ലാ കണ്ണുകളും. ഇത് അവസാന ലോകകപ്പാണെന്ന് മുപ്പത്തഞ്ചുകാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പോടെ വിടവാങ്ങാനാകും മെസി ആഗ്രഹിക്കുക. അർജന്റീന മികച്ച ഫോമിലാണ്. തോൽക്കാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി. 24 ജയവും 11 സമനിലയും. 37 മത്സരങ്ങളുടെ റെക്കോഡ് ഇറ്റലിയുടെ പേരിലാണ്. കോപ അമേരിക്ക കിരീടം നേടാനായതാണ് അടുത്തകാലത്തെ പ്രധാനനേട്ടം. യൂറോകപ്പ്–-കോപ്പ ചാമ്പ്യൻമാരുടെ പോരാട്ടമായ ‘ഫൈനലിസമ’യിൽ ഇറ്റലിയെ കീഴടക്കി.
ലയണൽ സ്കലോണി അണിയിച്ചൊരുക്കുന്ന ടീമിൽ മെസിക്കൊപ്പം പരിചയസമ്പന്നരുണ്ട്. എയ്ഞ്ചൽ ഡി മരിയയും പൗലോ ഡി ബാലയും ആരാധകരുടെ മനംകവർന്നവരാണ്. അവർക്കൊപ്പം ലൗതാരോ മാർട്ടിനസും ജൂലിയൻ അൽവാരസും ഉൾപ്പെട്ട പുതുനിരയേയും അവതരിപ്പിക്കുന്നു. ഡി മരിയയുടേയും ഡി ബാലയുടേയും പരിക്ക് ആശങ്കയായുണ്ട്. മുന്നേറ്റത്തിനൊപ്പം പ്രതിരോധത്തിലും പുതിയ അർജന്റീന ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു.