തേഞ്ഞിപ്പലം> സംസ്ഥാന ജൂനിയർ മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ പാലക്കാട് കിരീടം ഉറപ്പിച്ചു. 453.33 പോയിന്റുമായാണ് പാലക്കാട് മുന്നേറ്റം തുടരുന്നത്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ കരുത്തിൽ കോഴിക്കോട് രണ്ടാംസ്ഥാനത്തേക്ക് കയറി (340.5 പോയിന്റ്). എറണാകുളം(328.5) മൂന്നാമതും കോട്ടയം (255) നാലാമതും മലപ്പുറം (252.5) അഞ്ചാമതുമാണ്.
മൂന്നാംദിനമായ ഇന്നലെ മൂന്ന് മീറ്റ് റെക്കോഡ് പിറന്നു. 18 വയസ്സിൽത്താഴെയുള്ള ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് ചെറുവത്തൂർ കെസി ത്രോസ് അക്കാദമിയുടെ കെ സി സർവാൻ, പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കെസി ത്രോസിന്റെ അഖില രാജു, 16 വയസ്സിൽത്താഴെയുള്ളവരുടെ 300 മീറ്ററിൽ എറണാകുളം മേഴ്സി കുട്ടൻ അക്കാദമിയുടെ ഋതിക അശോക്മേനോൻ (43.99 സെക്കൻഡ്) എന്നിവരാണ് പുതിയ റെക്കോഡിട്ടത്. ഇതോടെ മീറ്റിലാകെ ഏഴ് റെക്കോഡ് പിറന്നു. ഏഴിൽ നാലും കെസി ത്രോസിന്റെ താരങ്ങളാണ് സൃഷ്ടിച്ചത്. മീറ്റ് ഇന്ന് സമാപിക്കും.