കൂത്തുപറമ്പ് > അതിക്രൂര കൊലപാതകം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി പൊലീസ്. മൊകേരി വള്ള്യയിലെ വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയപ്പോൾതന്നെ പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ടവർ ലൊക്കേഷൻ പിടിച്ചെത്തിയാണ് ശ്യാംജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിനുസമീപത്തുവച്ച് പൊലീസ് പിടികൂടിയത്. വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയതെന്ന് കൂത്തുപറമ്പ് അസി. കമീഷണർ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു. ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഈ ഫോൺ സംഭാഷണം വിഷ്ണുപ്രിയ കട്ടുചെയ്തു. വീഡിയോ കോളിലുണ്ടായിരുന്ന സുഹൃത്തിന് ശ്യാംജിത്തിന്റെ വരവിൽ ദുരൂഹത തോന്നിയതിനാൽ വിവരം കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കൊലപാതകവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും രണ്ട് മാസമായി അകൽച്ചയിലാണെന്നും വിവരം ലഭിച്ചു. ഇയാളുടെ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് മാനന്തേരിയിലെ വീട്ടിലേക്ക് പൊലീസ് എത്തിയത്.
പിടിയിലായപ്പോൾ തന്നെ കുറ്റസമ്മതം
“14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ –- ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞതിതാണ്. പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. കത്തിയും ചുറ്റികയും കയറും പ്രതി ബാഗിൽ കരുതിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്തറക്കുകയുമായിരുന്നു. കാലിനും കൈക്കും മുറിവേൽപ്പിച്ചിട്ടുണ്ട്.
മൂന്നുദിവസമായി കൊലപാതകത്തിനുള്ള ആസൂത്രണത്തിലായിരുന്നു പ്രതി. കൃത്യം നടത്തിയതിനുശേഷം വീടിന് സമീപത്തെ കുളത്തിൽനിന്നാണ് കുളിച്ച് വൃത്തിയായത്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തില്ലെന്നും പൊലീസ് പറഞ്ഞു.