കൊച്ചി> എൻസിപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംവിധായകൻ വിനയന് കലാപ്രതിഭാ പുരസ്കാരവും ദേശാഭിമാനി കൊച്ചി ബ്യൂറോ ചീഫ് ടി ആർ അനിൽകുമാറിന് മാധ്യമ പരസ്കാരവും നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് മാധ്യമ പുരസ്കാരങ്ങൾ -വി എസ് ഹൈദരാലി (റിപ്പോർട്ടർ ടിവി), വിവേക് മുഴക്കുന്ന് (മനോരമ), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്) എന്നിവർക്ക് നൽകും.
മികച്ച സീരിയൽ- –-സാന്ത്വനം, മികച്ച നടൻ -–- ബോബൻ ആലുമ്മൂടൻ (സ്വന്തം സുജാത), മികച്ച നടി –-ചിപ്പി (സാന്ത്വനം), ഹാസ്യതാരം –-ബിനു അടിമാലി, സഹനടി –– മഞ്ജു (കുടുംബവിളക്ക്). അവതാരകർക്കുള്ള പുരസ്കാരം -രമേഷ് പിഷാരടി, ടിനി ടോം എന്നിവർക്ക് നൽകും. ബിസിനസ് എക്സലൻസ് അവാർഡ് എപികെ ഗ്രൂപ്പിനും റഫീഖ് പൂലക്കപ്പറമ്പനും കാരുണ്യ അവാർഡ് നസീറലി കുഴിക്കാടനും നൽകും.
ചങ്ങമ്പുഴ പാർക്കിൽ 31ന് നടക്കുന്ന ചടങ്ങ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യും. വനം-മന്ത്രി എ കെ ശശീന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. പിന്നണി ഗായകരായ ജെൻസി, കൊച്ചിൻ ഇബ്രാഹിം, കൊച്ചിൻ മൻസൂർ, കൊച്ചിൻ മെഹബൂബ് എന്നിവരെയും എൻസിപി സംസ്ഥാന ട്രഷററായി തെരഞ്ഞെടുത്ത പി ജെ കുഞ്ഞുമോനെയും ആദരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ മമ്മി സെഞ്ച്വറിയും സെക്രട്ടറി സെബി ഞാറക്കലും പങ്കെടുത്തു.