തിരുവനന്തപുരം> ബാഹുബലി കരുത്തിൽ 36 ഉപഗ്രഹത്തെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്ന് ശനി അർധരാത്രിക്കുശേഷം നടന്ന വിക്ഷേപണം പൂർണ വിജയം.യുകെ ആസ്ഥാനമായുള്ള വൺവെബ് കമ്പനിയുടെതാണ് ഉപഗ്രഹങ്ങൾ.
ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഉപഗ്രഹ–-ശൃംഖലയുടെ ഭാഗമാണിത്.
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക്ക്–-3 (എൽവിഎം 3–-എം 2) അർധരാത്രി 12.07ന് ആണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. 24 മണിക്കൂർ കൗണ്ട്ഡൗണിന് പിന്നാലെയായിരുന്നു ഇത്. 130–-ാമത് സെക്കൻഡിൽ റോക്കറ്റിന്റെ എസ് 200 ബൂസ്റ്ററുകളും നൂറ്റിയറുപതാമത് സെക്കൻഡിൽ ഉപഗ്രഹങ്ങൾ സൂക്ഷിച്ച ചട്ടക്കൂടും വേർപെട്ടു. തുടർന്ന് ക്രയോ ഘട്ടത്തിന്റെ ജ്വലനവും കൃത്യതയോടെ നടന്നു. ഇരുപതാം മിനിറ്റിൽ ആദ്യത്തെ നാല് ഉപഗ്രഹം ഭൂമിയോടടുത്ത ഭ്രമണപഥത്തിലേക്ക് ഇറങ്ങി. ദക്ഷിണ ധ്രുവത്തിന് മുകളിൽ വച്ചായിരുന്നു ഇത്. കൂട്ടിയിടി ഒഴിവാക്കാൻ പഥം ഉയർത്തിയും താഴ്ത്തിയും ഒന്നിനു പിറകെ മറ്റൊന്നായി ഒമ്പത് ബാച്ചായാണ് ഉപഗ്രഹങ്ങൾ വേർപെട്ടത്. ഒരു മണിക്കൂറിലധികം നീണ്ട സങ്കീർണ സാങ്കേതിക വിദ്യയിലാണ് ദൗത്യം വിജയം കണ്ടത്.
ഐഎസ്ആർഒയുടെ ബാഹുബലി എന്നറിയപ്പെടുന്ന ജിഎസ്എൽവി മാർക്ക്–-3 റോക്കറ്റ് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. 43 മീറ്റർ ഉയരവും 644 ടണ്ണുമാണ് ഭാരം. 6000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതിനായി റോക്കറ്റിൽ ഇക്കുറി ചില മാറ്റങ്ങൾ വരുത്തി. പത്ത് ടൺ ഭാരമുള്ള പേടകങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാം. വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത് ആദ്യം. വിജയം വാണിജ്യ വിക്ഷേപണരംഗത്ത് വലിയ സാധ്യത തുറക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. വിക്ഷേപണത്തിന് ചെയർമാന് പുറമെ വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ, ഷാർ ഡയറക്ടർ ഡോ. എ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.