കൊല്ലം> കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ നിലപാടെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ദയവായി ഇനിയെങ്കിലും തരൂർ അലർജി നിർത്തണമെന്ന ആവശ്യവുമായി ഫെയ്സ്ബുക്ക് പേജിൽ പ്രവർത്തകരുടെ ‘പൊങ്കാലയാണ്’. എഐസിസി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊടിക്കുന്നിൽ ദുരന്തമായി എന്നും കമന്റ് ചെയ്യുന്നു.
‘തരൂരിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് കുശുമ്പ് നിറഞ്ഞ താങ്കൾക്കുള്ളത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ വെറുത്ത ഒരാൾ താങ്കളായിരിക്കും. ഖാർഗെ ജയിച്ചു പ്രസിഡന്റായി. തരൂർ ജനങ്ങൾക്കും നേതാക്കൾക്കുമിടയിൽ കൂടുതൽ സ്വീകാര്യനായി. എന്നാൽ, നിങ്ങളോ? ഈ തെരഞ്ഞെടുപ്പ് കൊണ്ട് വിലയിടിഞ്ഞു ദുരന്തമായി മാറാനുള്ള നിയോഗം നിങ്ങൾക്കു മാത്രം. പ്രസ്ഥാനത്തെ നയിക്കാനും ഏതു പ്രശ്നത്തേയും നേരിടാനുമുള്ള കഴിവാണ് നേതാവിനു വേണ്ടത്.
അല്ലാതെ എത്രവർഷം ഈ പാർടിയെ ഉപയോഗിച്ചു ജീവിച്ചു എന്നതല്ല യോഗ്യത. മാവേലിക്കര പാർലമെന്റ് സീറ്റ് കൂടി കോൺഗ്രസിനു നഷ്ടപ്പെടുത്താതിരിക്കുക. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും കൊടിക്കുന്നിൽ ഇതുപോലെ പ്രസ്താവനകളിറക്കിയതായും പ്രവർത്തകർ പറയുന്നു. ‘‘2024നു ശേഷം കൊടിക്കുന്നിൽ സുരേഷ് എന്നൊരു എംപിയില്ല, പെട്ടിതാങ്ങീ നിന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം ’’ തുടങ്ങിയ കമന്റുകളും കൊടിക്കുന്നിലിന്റെ പേജിൽ നിറയുകയാണ്.