സിഡ്നി> ഇതാ ന്യൂസിലൻഡിന്റെ മുന്നറിയിപ്പ്. ഇത്തവണ കൈയുംവീശി മടങ്ങില്ല. ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 89 റണ്ണിന് കെട്ടുകെട്ടിച്ച് ന്യൂസിലൻഡ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12ൽ ഉജ്വലമായി അരങ്ങേറി. ബാറ്റിലും പന്തിലും ഫീൽഡിലും ഒരുപോലെ കരുത്തുകാട്ടിയാണ് കിവികൾ വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 200 റണ്ണടിച്ചു. ഓസീസിനെ 111 റണ്ണിന് മടക്കുകയും ചെയ്തു. ഓപ്പണിങ് ബാറ്റർ ഡിവൻ കൊൺവേയാണ് (58 പന്തിൽ 92*) മികച്ച സ്കോർ ഒരുക്കിയത്. ബൗളർമാരിൽ മൂന്നുവീതം വിക്കറ്റ് വീഴ്ത്തി ടിം സൗത്തിയും മിച്ചെൽ സാന്റ്നെറും കളംവാണു. 11 വർഷത്തിനുശേഷമാണ് ഓസ്ട്രേലിയൻ മണ്ണിൽ ന്യൂസിലൻഡ് ജയം നേടുന്നത്. സ്കോർ: ന്യൂസിലൻഡ് 3–-200, ഓസ്ട്രേലിയ 111 (17.1).
ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ക്രീസിലെത്തിയശേഷം കിവി ബാറ്റർമാർക്ക് വിശ്രമം ഉണ്ടായില്ല. യുവതാരം ഫിൻ അലനായിരുന്നു (16 പന്തിൽ 42) പൂരത്തിന് തിരികൊളുത്തിയത്. മൂന്ന് സിക്സറും അഞ്ച് ഫോറും പായിച്ച് ഇരുപത്തിമൂന്നുകാരൻ ഓസീസ് ബൗളർമാരുടെ വീര്യംകെടുത്തി. അഞ്ചാംഓവറിൽ അലൻ മടങ്ങിയെങ്കിലും ന്യൂസിലൻഡ് തളർന്നില്ല. കൊൺവേ തുടങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (23), ഗ്ലെൻ ഫിലിപ്സ് (12) എന്നിവർ മങ്ങിയപ്പോൾ കൊൺവേ തകർത്തടിച്ചു. ഏഴ് ഫോറും രണ്ട് സിക്സറും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ജിമ്മി നീഷം (26) പുറത്തായില്ല.
മറുപടിയിൽ ഓസീസ് നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. ഗ്ലെൻ മാക്സ്വെല്ലാണ് (28) ടോപ്സ്കോറർ. ഡേവിഡ് വാർണർ (5), ഫിഞ്ച് (13), മിച്ചെൽ മാർഷ് (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഗ്രൂപ്പ് ഒന്നിൽ 25ന് ശ്രീലങ്കയുമായാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ന്യൂസിലൻഡ് 26ന് അഫ്ഗാനെ നേരിടും.