ന്യൂഡൽഹി> സർക്കാരുകൾ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്നത് വിലക്കി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാരുകളും അനുബന്ധ സ്ഥാപനങ്ങളും പ്രക്ഷേപണ/ വിതരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഏർപ്പെടരുതെന്നാണ് വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ്. ഭാവിപ്രവർത്തനം വിലക്കിയതിനൊപ്പം നിലവിലുള്ള സർക്കാർ റേഡിയോ, ടിവി ചാനലുകൾ 2023 ഡിസംബർ 31നകം പ്രസാർ ഭാരതിവഴി ആക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. സംപ്രേഷണ ഉള്ളടക്കം മറ്റ് ചാനലുകൾക്ക് വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കണം. വിദ്യാഭ്യാസ സംബന്ധിയായ പ്രക്ഷേപണങ്ങൾക്ക് നിലവിൽ വിലക്കില്ലെങ്കിലും തുടരുന്നതിന് പ്രസാർ ഭാരതിയുമായി കരാറിലേർപ്പെടണം. സ്വന്തം ചാനലുകൾ തുടങ്ങാൻ ചില സംസ്ഥാനങ്ങൾ അനുമതി തേടിയതിനു പിന്നാലെയാണ് കേന്ദ്രനടപടി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നൽകിയ ശുപാർശയാണ് അംഗീകരിച്ചത്. പൊതുപ്രക്ഷേപണം ചട്ടപ്രകാരമുള്ള സംവിധാനത്തിന്റെ കീഴിലായിരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ മറവിലാണ് കേന്ദ്രനീക്കം. പ്രസാർ ഭാരതി ചട്ടപ്രകാരമുള്ള നിഷ്പക്ഷ സംവിധാനമാണെന്നും ഉത്തരവിൽ അവകാശപ്പെടുന്നു. പ്രതിപക്ഷ സർക്കാരുകളുടെ വികസന പദ്ധതികൾ ജനങ്ങളിൽ എത്തുന്നത് തടയാനാണ് പ്രസാർ ഭാരതിയെ മുൻനിർത്തിയുള്ള നീക്കമെന്ന വിമർശം ശക്തമായി. ബിജെപിക്ക് വേണ്ടപ്പെട്ടവരാണ് ഇപ്പോൾ പ്രസാർഭാരതിയിലുള്ളത്. സർവകലാശാലകൾ, സ്കൂളുകൾ തുടങ്ങിയവ നടത്തുന്ന കമ്യൂണിറ്റി റേഡിയോക്ക് ഉത്തരവ് ബാധകമല്ല.